മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. ഈ കാലയളവിൽ വിദേശത്തു നിന്നുള്ള ഉംറ തീർഥാടകരുടെ ആകെ എണ്ണം 66 ലക്ഷത്തിലെത്തി. ഇവരിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. 33 ലക്ഷം സ്ത്രീകളാണ് ഈ വർഷം ഉംറക്കെത്തിയത്. ഇത് മൊത്തം വിദേശ തീർഥാടകരുടെ 50.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
പുരുഷ തീർഥാടകരുടെ എണ്ണം 32 ലക്ഷത്തിലെത്തിയതായും ഇത് 49.5 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നതായാണ് റിപ്പോർട്ട്. 2024ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 10.7 ശതമാനം വർധന ആണ് തീർഥാടകരുടെ എണ്ണത്തിൽ ഇപ്രാവശ്യം ഉണ്ടായത്. 2025ലെ ആദ്യ പാദത്തിൽ ആഭ്യന്തര തീർഥാടകരുടെ എണ്ണം ഏകദേശം 88 ലക്ഷത്തിലെത്തിയതായി അതോറിറ്റി പ്രസ്താവിച്ചു. ഇതിൽ 36 ലക്ഷം സൗദി തീർഥാടകരായിരുന്നു. ഇത് മൊത്തം തീർഥാടകരുടെ 42 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.50 ലക്ഷത്തിലധികം വിദേശികളാണ് ആഭ്യന്തരമായി ഉംറ നിർവഹിച്ചത്. ഇത് മൊത്തം തീർഥാടകരുടെ 58 ശതമാനം വരും. വിദേശ തീർഥാടകരിൽ ഏകദേശം 69 ശതമാനം പുരുഷന്മാരാണ് (60 ലക്ഷം). സ്ത്രീകൾ 31 ശതമാനവും (27 ലക്ഷം) ആണ്. 2025 ലെ ആദ്യ പാദത്തിലെ ഉംറ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് 84 ലക്ഷത്തിലധികം ആഭ്യന്തര തീർഥാടകർ ഒരു തവണ ഉംറ നിർവഹിച്ചപ്പോൾ 2,64,000 പേർ ഒന്നിലധികം തവണ ഉംറ നിർവഹിച്ചതയാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തിയ മാസമായിരുന്നു ഈ വർഷം മാർച്ച്. 70 ലക്ഷം തീർഥാടകരാണ് അന്ന് എത്തിയത്. ഇവരിൽ പുരുഷ തീർഥാടകർ ഏകദേശം 60.5 ശതമാനവും മൊത്തം തീർഥാടകർ ഏകദേശം 39.5 ശതമാനം ആണെന്നും അതോറിറ്റി അറിയിച്ചു.