ദുബൈ മെട്രോ സൂചനാ ബോർഡുകൾ നവീകരിച്ചു യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്
|
Written By
Posted Aug 22, 2025|50
|
News

ദുബൈ: മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ നവീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മെട്രോ ഓപറേറ്റർമാരായ കിയോലിസ്-എം.എച്ച്.ഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരത്തിലെ റെഡ്, ഗ്രീൻ മെട്രോ, ദുബൈ ട്രാം പാതകളിലുടനീളമുള്ള സൂചനാ ബോർഡുകളാണ് പുതുക്കിയത്. യാത്രക്കാരുടെ സൗകര്യം എളുപ്പമാക്കുകയാണ് ലക്ഷ്യം. പൊതുഗതാഗത സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്ന നയത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ആർ.ടി.എ റെയിൽ ഏജൻസിയിലെ റെയിൽ ഓപറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതാവ പറഞ്ഞു.
ആകെ ഒമ്പതിനായിരത്തോളം സൂചനാ ബോർഡുകളാണ് പുതുതായി സ്ഥാപിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തത്. ഇതിനായി ആകെ 11,000 മണിക്കൂർ ജോലി സമയം ആവശ്യമായി വന്നു. മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, പുറത്തുകടക്കൽ സൂചനാ ബോർഡുകൾ, പുതിയ ഫ്ലോർ സ്റ്റിക്കറുകൾ, പ്ലാറ്റ്ഫോം സൂചന ബോർഡുകൾ എന്നിവ നവീകരിച്ചവയിൽ ഉൾപ്പെടും. കൂടുതൽ വ്യക്തതയോടെ കാണാവുന്ന രീതിയിലാണ് എല്ലാ സൂചനാ ബോർഡുകളും മാറ്റിയത്.