പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

Written By
Posted Aug 23, 2025|61

News
ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, കാർഗോ ഫീസ് തുടങ്ങിയ സേവനങ്ങൾക്കായി മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും ഏജന്‍റുമാർ ഈടാക്കുന്നത് ഔദ്യോഗിക നിരക്കിനേക്കാൾ ഇരട്ടിതുക. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് മൃതദേഹങ്ങളുടെ പേരിൽ യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഏജന്‍റുമാരുടെ കൊള്ള. യു.എ.ഇയിലെ ചില സാമൂഹിക പ്രവർത്തകരും ബിനാമി പേരിൽ ഇതിനായി ഏജന്‍റുമാരെ വെച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യൻ പ്രവാസികളുടെ പേരിൽ മാത്രമല്ല തട്ടിപ്പ്.

പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും ചൂഷണം വ്യാപകമാണ്. ഏറ്റവും വലിയ ചൂഷണം നടക്കുന്നത് മൃതദേഹം കൊണ്ടുപോകുന്ന കാർഗോ ഫീസിനത്തിലാണ്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ, ഫ്ലൈദുബൈ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിൽ പ്രമുഖ വിമാനക്കമ്പനികൾ. ഷാർജയിൽ നിന്ന് സർവിസ് നടത്തുന്ന എയർ അറേബ്യ ഒരു മൃതദേഹം കൊണ്ടുപോകുന്നതിന് 1910 ദിർഹം ഈടാക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത് 3,000 ദിർഹമാണ്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന വിമാന കമ്പനി എന്ന നിലയിൽ കൂടുതൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും എയർ ഇന്ത്യ എക്സ്പ്രസാണ്. ഇവരുടെ കാർഗോ വിഭാഗത്തിന്‍റെ പേരിൽ വ്യാജ റസീപ്റ്റുകളും ഏജന്‍റുമാർ നൽകുന്നതായി ആരോപണമുണ്ട്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള മുഴുവൻ നടപടികൾക്കുമായി ആകെ ചെലവ് 5,162 ദിർഹമാണെന്നിരിക്കെ 7,000 മുതൽ 10,000 ദിർഹം വരെയാണ് ഏജന്‍റുമാർ ഈടാക്കുന്നത്. എന്നാൽ, കാർഗോ കമ്പനികളുടെ ഔദ്യോഗിക റസീപ്റ്റ് ആവശ്യപ്പെട്ടപ്പോൾ തുക കുറച്ച് നൽകിയതായും ഇരകളിൽ ഒരാൾ പറഞ്ഞു.

ഈ രംഗത്ത് പ്രവർത്തിക്കുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലോ മേൽനോട്ടമോ ഇല്ലാത്തതാണ് തട്ടിപ്പും ചൂഷണവും വ്യാപകമാവാൻ കാരണമെന്നാണ് വിലയിരുത്തൽ. ദുബൈ ഇന്ത്യൻ കോൺസുലും എംബസിയും ഏജന്‍റുമാരുടെ തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിക്കാറുണ്ടെങ്കിലും തട്ടിപ്പിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. മരണപ്പെട്ടയാളുടെ സ്പോൺസറോ ബന്ധുക്കളോ മാത്രമേ രേഖകൾ സമർപ്പിക്കാവൂവെന്നാണ് നിയമമെങ്കിലും പല രേഖകളും പലയിടങ്ങളിൽ നിന്നായി സംഘടിപ്പിക്കേണ്ടി വരുന്നതിനാൽ മിക്ക കേസുകളിലും ഏജന്‍റുമാരാണ് ഇടപെടാറ്. 

എംബാമിങ് സെന്‍ററുകളിലെ ജീവനക്കാരെ മറയാക്കിയും അനധികൃതമായി പണം പിടുങ്ങുന്നുണ്ടെന്നാണ് വിവരം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും ഫീസും

1. എംബാമിങ് മെഡിസിൻ -1072 ദിർഹം 
2. കാർഗോ ബോക്സ്- 1840 ദിർഹം 
3. എയർപോർട്ടിലേക്കുള്ള ആംബുലൻസ് ഫീസ് 220 ദിർഹം 
4. എയർ കാർഗോ ഫീസ്- എയർ അറേബ്യ-1910, എയർ ഇന്ത്യ എക്സ്പ്രസ് 3,000 ദിർഹം 
മരണ സർട്ടിഫിക്കറ്റിനായി ഹെൽത്ത് സെന്‍റർ ഫീസ് 120 ആകെ ചെലവ് 5,162 ദിർഹം 

 എംബാമിങ് കേന്ദ്രത്തിൽ  നൽകേണ്ട രേഖകൾ

1. ഹെൽത്ത് സെന്‍റർ/ ആശുപത്രിയിൽ നിന്നുള്ള ഡെത്ത് നോട്ടിഫിക്കേഷൻ 
2. മരണ സർട്ടിഫിക്കറ്റ്3. പൊലീസ്, കോൺസുലേറ്റിൽ നിന്നുള്ള എൻ.ഒ.സി 
4. എംബാമിങ് സർട്ടിഫിക്കറ്റ്
5. മരിച്ചയാളുടെ പാസ്പോർട്ടിന്‍റെ പകർപ്പ്
6. എമിറേറ്റ്സ് ഐ.ഡി കോപ്പി

ചെയ്യേണ്ട നടപടികൾ

ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചാൽ ഡെത്ത് നോട്ടിഫിക്കേഷൻ ആശുപത്രി നൽകും. ഇതിന്‍റെ ഒരു കോപ്പി അതത് പൊലീസ് സ്റ്റേഷനിലേക്കും അയക്കും. ആശുപത്രിയിൽ അല്ലാതെ മരണം സംഭവിച്ചാൽ പൊലീസ് മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയും ഡോക്ടർ പരിശോധിച്ച് മരണ കാരണം കണ്ടെത്തും.

ശേഷം ഇവിടെ നിന്നുള്ള ഡെത്ത് നോട്ടിഫിക്കേഷന്‍റെകോപ്പി ഹെൽത്ത് സെന്‍ററിൽ ഹാജരാക്കിയാൽ മരണ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനിടയിൽ മരിച്ചയാളുടെ വിസ കാൻസൽ ചെയ്യണം. ഇതിനായി അയാൾ ജോലി ചെയ്തിരുന്ന കമ്പനി ഓൺലൈനായി അപേക്ഷ നൽകണം. കമ്പനി വിസ അല്ലെങ്കിൽ ആമർ സെന്‍ററിൽ നിന്നും വിസ റദ്ദാക്കാം. കൂടാതെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ പാസ്പോർട്ട് കാൻസൽ ചെയ്യണം.

ഇതിന് ബന്ധുക്കളുടെ പവർ ഓഫ് അറ്റോണി ആവശ്യമാണ്. തുടർന്ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ നിന്ന് എംബാമിങ് സെന്‍ററിലേക്കും എയർപോർട്ടിലേക്കുമുള്ള സർട്ടിഫിക്കറ്റ് വാങ്ങണം. ഇത് മോർച്ചറിയിൽ സമർപ്പിച്ചാൽ മൃതദേഹം എംബാമിങ് സെന്‍ററിന് വിട്ടു നൽകും. എംബാമിങ് നടപടി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവളങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകുക. മൃതദേഹം എയർപോർട്ടിൽ എത്തിക്കുന്നതിന് മുമ്പായി കാർഗോ ബുക്ക് ചെയ്യണം. നാട്ടിലെ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങുന്നയാളുടെ ആധാർ കാർഡിന്‍റെ കോപ്പി, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഹാജരാക്കിയാൽ കാർഗോ ബുക്ക് ചെയ്യാം. ദുബൈയിൽ മരിച്ചയാളെ ഷാർജ വിമാനത്താവളം വഴി കൊണ്ടുപോകണമെങ്കിൽ ഷാർജ ഇമിഗ്രേഷന്‍റെ സീൽ പതിച്ച എൻ.ഒ.സി ആവശ്യമാണ്. എന്നാൽ, ദുബൈയിൽ നിന്ന് ഷാർജ എയർപോർട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനും 220 ദിർഹം മാത്രമാണ് ഈടാക്കുന്നത്.



SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos