ഉലക നായകന്‍ കമല്‍ ഹാസന്റെ 'വിക്രം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യയുമെത്തിയിരുന്നു. വിക്രം എന്ന കഥാപാത്രം സൂര്യയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ചിത്രം റിലീസായതോടെ പ്രേക്ഷകര്‍ ഞെട്ടി.
ഏതാനും മിനിട്ടുകള്‍ മാത്രമാണ് സൂര്യ എത്തുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. റോളക്‌സ് സര്‍ എന്ന കൊടും വില്ലനായാണ് സൂര്യ എത്തിയതെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് കഥാപാത്രത്തെ സ്വീകരിച്ചത്. ഇപ്പോള്‍ ഇതാ റോളക്‌സിനെ പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ എത്തിയിരിക്കുകയാണ്.
സൂര്യയുടെ തീപ്പൊരി ഡയലോഗുകളും സീനുകളും ഉള്‍പ്പെടുത്തിയ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. വെറും 16 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം തന്നെ 24 ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. അതേസമയം, 10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയ ചിത്രമാണ് വിക്രം. ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം അടുത്തിടെ 300 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.
ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ വിക്രം സ്വന്തമാക്കി കഴിഞ്ഞു. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡാണ് വിക്രം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബാഹുബലി 2ന്റെ റെക്കോര്‍ഡ് വിക്രം മറികടന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ബാഹുബലി 2 നേടിയത് 152 കോടിയാണ്. ഇത് വെറും 16 ദിവസം കൊണ്ട് വിക്രം മറികടന്നതായാണ് റിപ്പോര്‍ട്ട്.