കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും
Written By
Posted Oct 28, 2023|355
Trailer
ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ പുറത്ത്. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്‍ഡ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തീർച്ച. ജോണി ആന്റണി, ജോർജ് കോര, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സസ്പെൻസ് നിലനിർത്തിക്കൊണ്ടു തന്നെ ട്രെയിലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിള എന്ന അച്ഛൻ കഥാപാത്രമായാണ് ജോണി ആൻറണി എത്തുന്നത്. മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും അഭിനയിക്കുന്നു. തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ദിവസം ചെല്ലുന്തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും ജോലി, പണം, പ്രണയം തുടങ്ങി എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നത്.
തോൽവി എഫ്സിയിലെ ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായാണ് ചിത്രത്തിലെ ആദ്യഗാനം ഇറങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണനാണ് ആദ്യ ഗാനം വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചത്. രണ്ടാമത് ഇറങ്ങിയ ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്ന പോൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന്റെ കമ്പോസിങ് നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വർമ്മയാണ്.