മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന 'ഏജന്റ്' പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ റിലീസായാകും ഏജന്റ് എത്തുക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മഹാ ദേവ് എന്ന കഥാപാത്രമായി മാസ് എൻട്രി നടത്തിയിരിക്കുകയാണ് താരം. മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മീശ പിരിച്ച് തോക്കുമായി നില്‍ക്കുന്ന മാസ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തെന്നിന്ത്യന്‍ യുവ തരംഗം ഹിപ് ഹോപ് തമിഴ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂല്‍ എല്ലൂര്‍ ആണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍