ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തല്ലുമാല'യ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രം ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തല്ലുപാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ലോല ലോല ലോല എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ എന്നിവർക്കൊപ്പം വിഷ്ണു വിജയ്‌യും ചേർന്നാണ്.
മണവാളൻ വസീം എന്നാണ് ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
തീയേറ്റർ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിൽ എത്തിയപ്പോഴും ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തിയ ചിത്രം തീയേറ്ററുകളിൽ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്.