വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പിരീഡ് ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രതീക്ഷ നല്‍കുന്നതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ കഥയില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പഴയ കാലം വിശ്വസനീയമായി പുനസൃഷ്ടിച്ചിരിക്കുന്നതും വമ്പന്‍ കാന്‍വാസും മികവുറ്റ ആക്ഷന്‍ രംഗങ്ങളുമൊക്കെ ട്രെയ്‍ലറില്‍ കാണാം.
ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.