2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് 'ഛെല്ലോ ഷോ'. സെപ്റ്റംബർ 20 ചൊവ്വാഴ്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് റോയ് കപൂർ ഫിലിംസ്.
ചെല്ലോ ഷോ എന്നാൽ അവസാന സിനിമാ പ്രദർശനം എന്നാണ് അർത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് 'ചെല്ലോ ഷോ'യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
സൗരാഷ്ട്രയിലെ അഡ്തല ഗ്രാമത്തിലാണ് നളിൻ ജനിച്ചതും വളർന്നതും ആയതിനാൽ ചിത്രം അർദ്ധ ആത്മകഥയാണ്. ഇവിടത്തെ പ്രാദേശിക കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആറ് ആൺകുട്ടികൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ ഗ്രാമങ്ങളിലും റെയിൽവേ സ്റ്റേഷനിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പഴയ സെല്ലുലോയ്ഡ് ഹിന്ദി സിനിമകളും പ്രൊജക്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധനെയും ഇതിന്റെ ചിത്രീകരണത്തിനായി കൊണ്ടുവന്നു. അഭിനേതാക്കളിൽ കൂടുതലും ബാലതാരങ്ങളാണ്.
നളിന്റെ സുഹൃത്തും കാസ്റ്റിംഗ് ഡയറക്ടറുമായ ദിലീപ് ശങ്കറാണ് ബാലതാരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നളിനെ സഹായിച്ചത്. ഇന്ത്യയിൽ കൊവിഡ്-19 പാൻഡെമിക് ലോക്ക്ഡൗണിന് തൊട്ടുമുമ്പ് 2020 മാർച്ചിലാണ് ചിത്രം ചിത്രീകരിച്ചത്. പാൻഡെമിക് സമയത്ത് പോസ്റ്റ്-പ്രൊഡക്ഷൻ പൂർത്തിയായി. ധീർ മോമയയുടെ ജുഗാദ് മോഷൻ പിക്‌ചർ, നളിന്റെ മൺസൂൺ ഫിലിംസ്, മാർക്ക് ഡ്യുവലിന്റെ സ്‌ട്രേഞ്ചർ88 എന്നിവർ ചേർന്ന് വിർജീനി ലാകോംബെയുടെ വിർജീനി ഫിലിംസ്, എറിക് ഡ്യൂപോണ്ടിന്റെ ഇൻകോഗ്നിറ്റോ ഫിലിംസ് എന്നിവയ്‌ക്കൊപ്പം സഹനിർമ്മാണത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായി എത്തുന്നത്. ഭാവേഷ് ശ്രീമലിയാണ് പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത്. റിച്ച മീന, രാഹുൽ കോലി, ദീപൻ റാവൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റോബർട്ട് ഡിനീറോയുടെ ട്രിബേക്കാ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായിരുന്നു ചെല്ലോ ഷോ. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ഗുജറാത്തിലെ എല്ലാ തിയേറ്ററുകളിലും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും ചിത്രം ഒക്ടോബർ 14-ന് പ്രദർശനത്തിനെത്തും.