കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം ഒരു ആക്ഷൻ ത്രില്ലെർ ആണെന്നാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്ന സൂചന. ചാക്കോച്ചന്റെ വ്യത്യസ്ത ലുക്കും അരവിന്ദ് സ്വാമിയുമായുള്ള കോംബോയും ചിത്രം വൻ ഹിറ്റാകുമെന്ന സൂചനയാണ് നൽകുന്നത്.
1 മിനുട്ടും 56 സെക്കന്റുമുള്ള ട്രെയ്‌ലറിന്റെ പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ടിപി ഫെല്ലിനിയാണ് ഒറ്റിന്റെ സംവിധായകൻ. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
എ.എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. പശ്ചാത്തല സംഗീതം അരുൾ രാജ്. വിജയ് ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം.സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.