കോഴിക്കോട് : കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനത്തിൻ്റെയും നിലനില്പിന്റെയും വളർച്ചയുടെയും സ്വഭാവം നിർണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ . കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകൾക്ക് ദിശാബോധം നൽകിയതും സംഘടിതസമൂഹമായി അവരെ മുന്നോട്ട് നയിച്ചതും സമസ്തയാണ്. ഇതിന്റെ ഗുണഫലം മറ്റ് സമൂഹങ്ങൾക്ക് കൂടി പല അർത്ഥത്തിൽ അനുഭവിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങളും പുരോഗതിയും വരുംകാലത്തിന് കൈമാറാൻ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉണർത്തി. സമസ്തയുടെയും അതിന്റെ പൂർവ മാതൃകകളുടെയും തുറന്നതും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെയാണ് ഇസ്ലാമിനെ കേരളീയർ മനസ്സിലാക്കിയതും സ്വീകരിച്ചതും. അറേബ്യയില്‍നിന്ന് വന്ന മാലിക് ഇബ്‌നു ദീനാറും സംഘവും സത്യസത്യസന്ധരും സത്‌സ്വഭാവികളുമായിരുന്നു. കാസർഗോഡിന്റെ ചരിത്രം ആ സ്മരണകളെക്കൂടി ഉൾവഹിക്കുന്നതാണ്. ഈ ഉത്തരദേശത്തിന് വെളിച്ചം കാട്ടിയ മാലിക് ദിനാർ സഹവർത്തിത്വത്തിന്റെയും നിർമലമായ ആത്മീയതയുടെയും ആ പൈതൃകമാണ് നമ്മെ ഓർമപ്പെടുത്തുന്നത്. ഇവിടുത്തെ ഭരണാധികാരികൾ സ്‌നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റത്. ഇസ്‌ലാം സ്‌നേഹമാണ്. ലോകത്ത് എല്ലാ മതസ്ഥർക്കും ജീവിക്കാനും സ്വന്തം ആദർശം മറ്റുള്ളവരെ മുറിവേല്പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന നാം കൈവിട്ടു പോകാൻ പാടില്ല. മൻഷ്യർക്കിടയിൽ വെറുപ്പും ശത്രുതയും വിതക്കരുത്. ഒരാള്‍ സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന സദ്കർമങ്ങളെ അയാളുടെ വർഗം നോക്കി വിലയിരുത്തി അതിനെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാവരുത്. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്.ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്.സമാധാന സന്ദേശങ്ങൾ പരസ്‌പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേർത്തു നിർത്താനുമാണ് പ്രവാചകർ ഓർമപ്പെടുത്തിയത്. എനിക്കും നിങ്ങളോട് പറയാനുള്ളത് അതാണ്.
നൂറ്റാണ്ടിനെ വരവേൽക്കാൻ വലിയ കർമ്മ പദ്ധതികളുമായാണ് സമസ്ത മുന്നോട്ട് വരുന്നത്. ഇസ്‌ലാമിൻ്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ പ്രചരിപ്പിക്കുന്നതോടൊപ്പം ഇസ്ലാമിക വിജ്ഞാനവും, ആധുനിക വിദ്യാഭ്യാസവും,സമന്വയിപ്പിച്ചു കൊണ്ടുള്ള ഇസ്ലാമിക് യൂണിവേഴ്സിറ്റി (ജാമിഅത്തുൽ ഹിന്ദ്)അടക്കമുള്ള പദ്ധതികൾ സമസ്തക്ക് കീഴിൽ നടപ്പിലാക്കി കഴിഞ്ഞു. സമസ്ത നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം എല്ലാവർക്കും അനുഭവിക്കാൻ കഴിയണം. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല. ജീവകാരുണ്യ രംഗത്തും സമസ്ത ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിപ്പോരുന്നത്. ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാനും ഇന്നാട്ടിലെ ഓരോ മനുഷ്യ സ്നേഹിയുടെയും നിർലോഭമായ സഹായം അഭ്യർത്ഥിക്കുകയാണ് കാന്തപുരം പറഞ്ഞു.
പൊതു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു.സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്‌ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക സ്പീക്കർ യു ടി ഖാദർ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ എ കെ എം അഷ്‌റഫ്, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷൻ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദർ മാത്യു ബേബി മാർത്തോമ , കല്ലട്ര മാഹിൻ ഹാജി സംബന്ധിച്ചു.സി .മുഹമ്മദ് ഫൈസി,റഹ്‌മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി.പള്ളങ്കോട് അബ്‌ദുൽഖാദർ മദനി സ്വാഗതവും കാട്ടിപ്പാറ അബ്‌ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു
മനുഷ്യർക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രക്ക് ആവേശമാർന്ന വരവേൽപ്പാണ് ഉള്ളാളത്ത് ലഭിച്ചത്.നൂറുക്കണക്കിന് സുന്നീ പ്രവർത്തകരുടെ തക്ബീർധ്വനികൾക്കിടയിൽ ഉള്ളാൾ ദർഗ്ഗയിൽനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയർമാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറി.ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി ,കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി,കർണാടക സ്പീക്കർ യു ടി ഖാദർ,ദർഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാൾ, ഡോ. മുഹമ്മദ് ഫാസിൽറസ് വി കാവൽക്കട് തുടങ്ങിയവർ സം ബന്ധിച്ചു.തുടർന്ന് യാത്രയെ സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് കാസർകോട് ജില്ലാ സുന്നീ നേതൃത്വവും സെൻ്റിനറി ഗാർഡും ആനയിച്ചു.ചെർക്കളയിൽ എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ നഗറിൽനടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ജനുവരി രണ്ടിന് കണ്ണൂർ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ , ആറ് ഗൂഡല്ലൂര്‍ , ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം; ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്