ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രീമിയർ ലീഗ് (APL) അഞ്ചാം സീസണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ഗ്രൂപ്പിംഗും ഔദ്യോഗിക ജേഴ്‌സി പ്രകാശനവും ദുബായ് നോവോട്ടൽ ഹോട്ടലിൽ വെച്ച് നടന്നു. പങ്കെടുക്കുന്ന ടീം പ്രതിനിധികളുടെയും അക്കാഫ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ തത്സമയ നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകളെ തീരുമാനിച്ചത്.
ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെ ഷാർജ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് എ.പി.എൽ സീസൺ 5 അരങ്ങേറുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആണ് ഇത്തവണ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ. ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ അടക്കം പിന്തുണയോടെ നടക്കുന്ന ഈ കായിക മാമാങ്കത്തിൽ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ അതിഥികളായി എത്തുമെന്നും സംഘാടകർ അറിയിച്ചു.
ആദ്യം രജിസ്റ്റർ ചെയ്ത 32 പുരുഷ കോളേജ് ടീമുകൾക്കും 6 വനിതാ ക്രിക്കറ്റ് ടീമുകൾക്കുമാണ് ഇത്തവണ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. പ്രവാസലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായി എ.പി.എൽ മാറിയതിന്റെ തെളിവാണ് വർദ്ധിച്ചുവരുന്ന പങ്കാളിത്തമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും രേഖപ്പെടുത്തി. അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, കോർഡിനേറ്റർ സനീഷ് കുമാർ, എ.പി.എൽ അഡ്വൈസർ ബിന്ദു ആന്റണി, ജനറൽ കൺവീനർമാരായ രാജാറാം ഷാ, ജോൺസൻ മാത്യു, കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എസ്‌കോം കോർഡിനേറ്റർമാരായ ബിന്ദ്യ വിശ്വനാഥ്, ബിജു സേതുമാധവൻ, ജോൺ കെ ബേബി, ഗോകുൽ ജയചന്ദ്രൻ, മനു ഷാജി, ജോയിന്റ് കൺവീനർമാരായ റിഷാഫ്, ടിന്റു വർഗീസ്, സുധി സാഹിബ്, ശ്യാം ചന്ദ്രബാനു, മനോജ് കെ.കെ, അനി കാർത്തിക് തുടങ്ങിയവരും സംസാരിച്ചു.