ദുബൈ: ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് ആവശ്യ സേവനങ്ങൾ നൽകി മലയാളിസന്നദ്ധ സഘം മാതൃകയായി. ദുബൈ പോലിസിന്റെ പുതിയ വോളണ്ടിയേഴ്‌സ് വിഭാഗമായ നൈബർഹുഡ് പോലിസിന്റെ കീഴിലുള്ള മലയാളി സന്നദ്ധ പ്രവർത്തകരാണ് മഴക്കെടുതി യിൽ മാതൃകയായി
മുറഖബാത് പോലീസ് ടീമിനൊപ്പം കൈകോർത്ത് ഇലിയാസ് കടവല്ലൂർ, നസീർ ചോക്ളി, നജീബ് കടമേരി, എന്നിവരുള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സംഘം മുഴുവൻ സമയവും സജീവമായി പ്രവർത്തിച്ച് മുർഖബാത്ത് പോലീസ് സ്റ്റേഷൻ ഉദ്ദേഗസ്ഥ രുടെ പ്രശംസ നേടിയത്.

ഈ പ്രദേശത്തെ റോഡുകളും താമസ മേഖലയുമെല്ലാം വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ ദുബൈ മുനിസിപ്പാലിറ്റി അധികാരികളോടൊപ്പം ചേർന്ന് വെള്ളം പമ്പ് ചെയ്തു നീക്കാനും ഡ്രെയിനേജ് സംവിധാനങ്ങൾ നിയന്ത്രണവിധേയമാക്കാനും സംഘം നിർണായക പങ്ക് വഹിച്ചു. ശക്തമായ മഴയിൽ പ്രവർത്തനരഹിതമായ മുർഖബാത്ത് മെയിൻ സിഗ്നൽ , പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് വാഹന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത സംഘം അപകടസാധ്യതകൾ ഒഴിവാക്കി ഗതാഗതം ക്രമപ്പെടുത്താനും സഹായിച്ചു. വെള്ളം കുറഞ്ഞതിനെ തുടർന്ന് റോഡുകളിൽ മഴ കാരണം നഷ്ടമായ അനേകം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, അതുവഴി വാഹന ഉടമകൾക്ക് തിരികെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയുമുണ്ടായി. കൂടാതെ റോഡുകളിൽ കുടുങ്ങി നിലച്ചിരുന്ന നിരവധി വാഹനങ്ങൾ രക്ഷാപ്രവർത്തന സംഘങ്ങളുമായി ചേർന്ന് റെക്കവറി വാഹനങ്ങളിലേക്ക് മാറ്റുന്നതിലും സംഘം സഹായിച്ചു. കഴിഞ്ഞ പത്ത് വർഷമായി വിവിധ ഗവണ്മെന്റ് ഡിപ്പാട്ടു മെന്റുമായി കൈകോർത്ത് ദുരിത സമയത്ത് പ്രവർത്തിക്കുന്ന ഈ സന്നദ്ധ പ്രവർത്തകരുടെ സമൂഹ പ്രതിബദ്ധതയുള്ള നിസ്വാർത്ഥ സേവനങ്ങൾ ഇന്ന്ത ഉദ്യോഗസ്ഥരുടെ വിവിധ ആദരങ്ങൾ നേടിയിരുന്നു