മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് (BiggBoss) എന്ന വലിയ പ്രൊജക്ടിന്റെ ഭാഗമായതോടെയാണ് ആര്യയെ എല്ലാവരും ഇഷ്‍ടപ്പെടാനും മനസ്സിലാക്കാനും തുടങ്ങിയത് .
ബിഗ് ബോസില്‍ നല്ല മത്സരം കാഴ്‍ചവച്ച മത്സരാര്‍ത്ഥിയായ ആര്യ നിരവധി ആരാധകരെ സ്വന്തമാക്കിയാണ് പുറത്തേക്കെത്തിയത്. ആര്യ എന്നുപറയുമ്പോള്‍ മലയാളിക്ക് ഓര്‍മ്മ വരിക, തമാശയുമായി സ്‌ക്രീനിലെത്താറുള്ള താരത്തെയാണ്. എന്നാൽ അത്ര തമാശയായിരുന്നില്ല തന്‍റെ ജീവിതമെന്ന് പലപ്പോഴും ആര്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ തുടക്കത്തെ കുറിച്ചാണ് ആര്യക്ക് ഇപ്പോൾ പറയാനുള്ളത്. താൻ ഉടൻ തന്നെ വ്ലോഗിങ് ആരംഭിക്കുകയാണെന്ന് താരം പുറത്തുവിട്ട പ്രൊമോ വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
കലാരംഗത്തേക്ക് വന്നിട്ട 15 വർഷമായെന്നും ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നും ആര്യ ആദ്യ വീഡിയോയിൽ പറഞ്ഞു. മോഡലിങ്ങിലും സീരിയലിലും അഭിനയിച്ചു. പിന്നീട് അവതാരകയായി. അവിടെ നിന്നാണ് കോമഡി ആർട്ടിസ്റ്റായി മാറുന്നത്. പതിയെ ക്യാരക്ടർ ആർട്ടിസ്റ്റിൽ എത്തിനിൽക്കുന്നു. ബഡായി ബംഗ്ലാവിലൂടെയാണ് തന്നെ എല്ലാവർക്കും പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി. അത് പ്രേക്ഷകർ ഏറ്റെടുത്തു.
പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവിൽ. അത് ഒരു സ്‍ക്രിപ്റ്റഡ് ക്യാരക്ടർ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാൻ റിയൽ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു. ഇതിന് ഒരു മാറ്റം വന്നത് ഞാൻ ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോഴായിരുന്നു. പക്ഷേ ബിഗ് ബോസിലൂടെ എന്റെ വ്യക്തിത്വം പലർക്കും ഇഷ്‍ടപ്പെട്ടില്ലെന്നും ആര്യ പറഞ്ഞു.