ദുബായ് :കേരളത്തിലെ കോളേജ് അലുംനികളുടെ ഏറ്റവും ബൃഹത്തായ സംഗമ വേദിയായ അക്കാഫ് ഇവെന്റ്‌സിന്റെ അക്കാഫ് ക്യാംപസ് ബീറ്റ്‌സ് 2025 ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള ജനറൽ കൺവെൻഷൻ നടന്നു. നവംബർ 9 നു എത്തിസലാത്ത് അക്കാഡമി ഗ്രൗണ്ടിൽ അരങ്ങേറുന്ന വർണ്ണാഭവും പ്രൗഢഗംഭീരവുമായ പരിപാടികളുടെ മുന്നൊരുക്കങ്ങൾ വിശദമായി ചർച്ച ചെയ്ത ജനറൽ കൺവെൻഷൻ അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പുതുമയുടെ വേലിയേറ്റം സംഭവിക്കുന്ന അക്കാഫിന്റെ ഓരോ പ്രോഗ്രാമുകളും പ്രവാസ സമൂഹം അത്യധികം കൗതുകത്തോടെ നോക്കിക്കാണുന്നുവെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ആധ്യക്ഷ്യം വഹിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് പ്രോഗ്രാം ഡയറക്ടർ വി സി മനോജ്, അക്കാഫ് കലാലയ ബീറ്റ്‌സ് ജനറൽ കൺവീനർ വി എം ഷാജൻ (ഡി ബി കോളേജ്, ശാസ്താംകോട്ട)എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അക്കാഫ് കലാലയ ബീറ്റ്സിനെ മനോഹരമാക്കുന്ന കലാലയ തെരഞ്ഞെടുപ്പ്, ലവേഴ്സ് കോർണർ, കോളേജ് കാന്റീൻ, കോളേജ് ലൈബ്രറി, വാകമരത്തണലിലെ പാട്ടുകൂട്ടം, വടംവലി, ഘോഷയാത്ര, ശിങ്കാരി മേളം, കലാലയ കതിർമണ്ഡപം തുടങ്ങിയ പരിപാടികളുടെ വിശദാംശങ്ങൾ കൺവീനർമാർ വിശദീകരിച്ചു.
അക്കാഫ് കലാലയ ബീറ്റ്‌സ് കൺവീനർമാരായ രാജാറാം ഷാ(എസ് എൻ കോളേജ് വർക്കല), സുരേഷ് കാശി((നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്), എക്സിക്യൂട്ടീവ് അംഗം സിന്ധു ജയറാം എന്നിവർ പ്രോഗ്രാമിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും പ്രവർത്തനരേഖയും വിശദീകരിച്ചു. അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.
ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, വൈസ് ചെയർമാൻ അമീർ കല്ലത്ര, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.