|
|
Written By
|

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ പാട്ടെഴുത്തിന്റെ 60 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രശസ്ത ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു. വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദിയുടെ നേതൃത്വത്തിൽ ‘ശ്രീകുമാരൻ തമ്പി- സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി’ എന്ന പ്രത്യേക സാംസ്കാരിക പരിപാടി ഒക്ടോബർ 31 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അരങ്ങേറും. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളാണ് ഈ സംഗീത സായാഹ്നത്തിന് വേദിയാകുന്നത്.
ശ്രീകുമാരൻ തമ്പിയുടെ സജീവ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീളുന്ന സമഗ്രമായ സംഭാഷണവും സംഗീതാനുഭവവുമാണ് പരിപാടിയുടെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെയും സമ്പന്നമായ ചലച്ചിത്രജീവിതത്തിലൂടെയുമുള്ള സാംസ്കാരിക സഞ്ചാരത്തിന് കവിയും പ്രക്ഷേപകനുമായ ശ്രീകുമാർ മുഖത്തല നേതൃത്വം നൽകും. പ്രശസ്ത ആർ.ജെയും ഗായകനുമായ ഡോ. വിപ്പൽ മുരളിയാണ് പരിപാടിയുടെ അവതാരകൻ.
ചടങ്ങിൽ യു.എ.ഇയിലെ പ്രമുഖ സംരംഭകൻ ഡോ. ബി.ആർ. ഷെട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉൾപ്പെടെ എമിറേറ്റ്സിലെ പ്രമുഖ സാമൂഹിക, കലാ-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിക്കും.
ഇതിനോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി രചിച്ച ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള വർണ്ണാഭമായ നൃത്ത-സംഗീത വിരുന്നും അരങ്ങേറുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ അനിത സന്തോഷ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രവാസലോകത്തെ സംഗീതപ്രേമികൾക്കും മലയാളികൾക്കും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും ഈ പരിപാടിയെന്നും സംഘാടകർ വ്യക്തമാക്കി.
Send
Links
Home
About us
Privacy Policy
Contact
Visits: