: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ഈ അടുത്തകാലത്തൊന്നും ഒരു വെബ്സീരിസിന്റെ തുടർഭാഗങ്ങൾക്കായി മലയാളികൾ ഇത്രയധികം കാത്തിരുന്നിട്ടുണ്ടാകില്ല. കരിക്കിന്റെ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ്സീരിസ് അങ്ങനെയാണ്. ഓരോ എപ്പിസോഡ് കഴിയുന്തോറും ഒരു സിനിമ കണ്ട ഫീൽ തരുന്ന സീരിസാണ് ഇതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കോമഡിയായും മനുഷ്യവികാരങ്ങളെ തൊട്ടുണർത്തുന്നതായാലും സസ്പെൻസ് ത്രില്ലറായാലുമൊക്കെ എല്ലാ തരം പ്രേക്ഷകരേയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന കഥയുമായാണ് കരിക്ക് ടീം എത്താറുള്ളത്.
ഇപ്പോൾ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയുടെ നാലാമത്തെ എപ്പിസോഡ് പുറത്തുവന്നിരിക്കുകയാണ്. അനു കെ അനിയൻ ആണ് ഇതിൽ പ്രധാനകഥാപാത്രമായ സെബാസ്റ്റ്യൻ ആയി എത്തുന്നത്. സെബാസ്റ്റ്യൻ തന്റെ ഏറ്റവും വലിയ സ്വപ്നമായ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതും ലൊക്കേഷൻ കണ്ടുപിടിക്കുന്നതും അണിയറപ്രവർത്തകരെ തെരഞ്ഞെടുക്കുന്നതുമൊക്കെയാണ് ഇതുവരെയുള്ള എപ്പിസോഡുകളിൽ കണ്ടത്. സെബാസ്റ്റ്യനും കൂട്ടരും കണ്ടുവച്ച ലൊക്കേഷനിലേക്ക് മറ്റൊരു വൻ ടീം സിനിമ ഷൂട്ടിങ്ങിനായി എത്തുന്നു എന്ന വിവരത്തെ ചുറ്റിപറ്റിയായിരുന്നു കഴിഞ്ഞ എപ്പിസോഡ്.
നാലാമത്തെ എപ്പിസോഡിൽ അവർ എത്തുന്നതിന് മുൻപ് തന്നെ തന്റെ സിനിമ അവിടെ ഷൂട്ട് ചെയ്തിരിക്കണമെന്ന ഉറച്ച തീരുമാനം എടുക്കുകയാണ് സെബാസ്റ്റ്യൻ. ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ എന്തൊക്കെ നടത്താൻ തീരുമാനിച്ചാലും തടസങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, പക്ഷേ ഇത്.. ഇനി എന്തൊക്കെ പ്രശ്നങ്ങൾ സംഭവിച്ചാലും നമ്മൾ ഈ വർക്ക് ചെയ്ത് തീർത്തിരിക്കും... എന്ന സെബാന്റെ ഡയലോഗോടെയാണ് എപ്പിസോഡ് തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കുന്നതും ലൊക്കേഷൻ ഫൈനലൈസ് ചെയ്യുന്നതും പ്രധാന കഥാപാത്രങ്ങളെ കണ്ടെത്തുന്നതുമൊക്കെയാണ് കാണിക്കുന്നത്. എപ്പിസോഡിന്റെ അവസാനം ചെറിയ ഒരു ട്വിസ്റ്റ് സംഭവിക്കുകയാണ്. സെബാനും സുഹൃത്തുക്കൾക്കും തങ്ങളുടെ സിനിമ എന്ന സ്വപ്നത്തിലേക്ക് എത്താൻ പറ്റുമോ എന്നുള്ള ചോദ്യമാണ് നാലാമത്തെ എപ്പിസോഡ് ബാക്കിവച്ചിരിക്കുന്നത്.
സീരിസിൽ അഭിനയിക്കുന്ന എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സ്വപ്നങ്ങളും സൗഹൃദങ്ങളും എല്ലാം അതിമനോഹരമായാണ് കരിക്ക് വെബ്സീരിസിൽ ആവിഷ്കരിച്ചിരിക്കുന്നത്. എന്തായാലും അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ് കരിക്ക് ആരാധകർ തുടങ്ങിക്കഴിഞ്ഞു. സിദ്ധാർഥ് കെ.ടി ആണ് വെബ്സീരിസ് സംവിധാനം ചെയ്യുന്നത്. സിദ്ധാർഥ് തന്നെയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. കഥ, സ്ക്രീൻ പ്ലേ- ആദിത്യൻ ചന്ദ്രശേഖർ, എഡിറ്റർ - പിന്റോ വർക്കി, സംഗീതം - വിഷ്ണു വർമ, സൗണ്ട് ഡിസൈൻ - ജിഷ്ണു റാം, ആർട്ട് ടീം - അജയ് കൃഷ്ണൻ, അനെക്സ് നെല്ലിക്കൽ, ഡയറക്ഷൻ ടീം- മുഹമ്മദ് ജസീം, സച്ചിൻ രാജു, അദ്വൈത് എം ആർ, വിഎഫ്എക്സ്- ബിനോയ് ജോൺ.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in