ദുബൈ: മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന കെ. എം. രാമചന്ദ്രന് ജനതാ കൾച്ചറൽ സെന്റർ യാത്രയയപ്പ് നൽകി. സംഘടനയുടെ ആരംഭം മുതൽ തന്നെ രാമചന്ദ്രൻ അതിന്റെ സജീവ സാന്നിധ്യമായിരുന്നു.
ആദ്യകാലങ്ങളിൽ ദുരിതം അനുഭവിച്ച പലർക്കും ജെസിസി മീറ്റിംഗുകളിൽ എത്തിച്ചേരാൻ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടാവുകയും ചെയ്തു. യു. എ. ഇയിലെത്തുന്ന പുതിയ പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന രാമചന്ദ്രൻ, ചെറുപ്പം മുതൽ സോഷ്യലിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചുപ്രവർത്തിച്ച വ്യക്തിയായിരുന്നു.
പ്രിയ സഖാവിന് യാത്രാമംഗളങ്ങൾ നേരാൻ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു വയനാട്, ഇ. കെ. ദിനേശൻ, ദിവ്യമണി, ഷാജി കൊയിലോത്ത്, സുനിൽ പാറമേൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ അവസാനത്തിൽ പ്രദീപൻ കാഞ്ഞങ്ങാട് നന്ദി അറിയിച്ചു