കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'തീർപ്പ്' ന്റെ അവസാന ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'അബ്ദുള്ള മരക്കാർ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്.ഓഗസ്റ്റ് 25ന് ചിത്രം റിലീസ് ചെയ്യും.
‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’... എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു,മുരളി ഗോപി, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസും സെല്ലുലോയ്ഡ് മാർഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സുനിൽ കെ.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം.
കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.2021-ൽ ചിത്രീകരണമാരംഭിച്ച ചിത്രം പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്.