മാപ്പു തരാൻ ഞാൻ ആരാ...?തീരമണഞ്ഞു, ഓർമകളുടെ പത്തേമാരി
|
Written By
Posted Dec 21, 2025|16
|
News

ദുബൈ: പ്രവാസികളുടെ നേർക്കാഴ്ചകൾ അടയാളപ്പെടുത്തിയ പത്തേമാരി സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. നിർമാതാക്കളിൽ ഒരാൾ എന്നനിലയിൽ ശ്രീനിവാസന്റെ കാര്യങ്ങൾ നോക്കാനുള്ള ചുമതലകൂടി തനിക്കായിരുന്നു. ദുബൈയിലും ഫുജൈറയിലുമായിരുന്നു അന്ന് പത്തേമാരിയുടെ ചിത്രീകരണം. ദുബൈയിലെ ഷൂട്ടിങ്ങിനുശേഷം രണ്ട് മണിയോടെ ഫുജൈറയിലേക്ക് പോകാനായിരുന്നു തീരുമാനം. ഇതിനിടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞിറങ്ങി. നല്ല ക്ഷീണമുണ്ടായതിനാൽ ഭക്ഷണശേഷം അൽപം മയങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ സമയം ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു! ഉടൻ ഹോട്ടലിൽ എത്തിയപ്പോൾ കാണാനായത് ഏറെ ക്ഷുഭിതനായ ശ്രീനിവാസനെയാണ്.
റൂം വെക്കേറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞതോടെ ഹോട്ടലുകാർ വൈദ്യുതിയും ഫോണും വിച്ഛേദിച്ചതിനാൽ പാവത്തിന് മൂന്ന് മണിക്കൂറോളം ആ ഇരുട്ടു മുറിയിൽ തനിച്ചിരിക്കേണ്ടിവന്നു. എന്നെ കണ്ട ഉടനെ അദ്ദേഹത്തിന്റെ നിയന്ത്രണംവിട്ടു. കഴിയാത്ത കാര്യം ഏറ്റെടുക്കേണ്ടതില്ലായിരുന്നല്ലോ എന്ന് ചോദിച്ച് കുറെ ശകാരിച്ചു. ഇനി ഞാൻ തന്റെ കൂടെ വരില്ലെന്ന് കട്ടായം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള അലച്ചിലിന്റെ ക്ഷീണം മൂലം ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞെങ്കിലും ആദ്യമൊന്നും ചെവിക്കൊണ്ടില്ല. റൂമിൽനിന്ന് അദ്ദേഹം തിരക്കിട്ട് ലോബിയിൽ ചെന്നിരുന്നു.
അവിടെനിന്ന് ഒരുവിധം സമാധാനിപ്പിച്ച് കാറിൽ കയറ്റി. പിന്നീട് ഏതാണ്ട് 20 മിനിറ്റ് നേരം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിനിന്നു. ഫുജൈറയിൽ എത്താൻ ഇനിയും ഒരു മണിക്കൂർ കൂടിയുണ്ടായിരുന്നു. അതിനിടെ ഇങ്ങനെ ഗൗരവത്തിൽ ഇരുന്നാൽ എങ്ങനെയാണ് ശ്രീയേട്ടാ എന്ന് ചോദിച്ചിട്ട് ഞാൻ ആ മൗനം മറികടക്കാനുള്ള ശ്രമം നടത്തി. ചെയ്യാൻ പാടില്ലാത്തതാണ് സംഭവിച്ചത്. മാപ്പു തരണം എന്നു പറഞ്ഞപ്പോൾ മാപ്പു തരാൻ ഞാനാരാണെന്ന് ചോദിച്ചുകൊണ്ട് ഒറ്റ ചിരിയായിരുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നീട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.
അതിനിടെ മകൻ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സിനിമയായ ‘തിര’ നല്ല സിനിമയാണല്ലോ, കണ്ടില്ലേ എന്നു പറഞ്ഞപ്പോൾ താൻ കണ്ടോ, ഞാൻ കണ്ടില്ല എന്ന സ്വതഃസിദ്ധമായ ശൈലിയിലുള്ള മറുപടി കേട്ട് അത്ഭുതവും ഒപ്പം ചിരിയുമാണ് വന്നത്. അതെന്താ കാണാത്തത് എന്നു ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പിന്നീട് ഒരു അഭിമുഖത്തിൽ ധ്യാൻ തന്റെ കോളജ് ജീവിതവും അച്ഛനോട് കാണിച്ച കുസൃതികളും മറ്റും പറയുന്നത് കേട്ടപ്പോഴാണ് അന്ന് ശ്രീനിവാസൻ അനുഭവിച്ച വിഷമവും മറ്റും മനസ്സിലായത്. പിന്നീട് പല ഘട്ടങ്ങളിലും അദ്ദേഹവുമായി അടുത്ത് ഇടപഴകേണ്ടി വന്നിട്ടുണ്ട്. നല്ല മനസ്സിനുടമയാണദ്ദേഹം. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അദ്ദേഹം ഒരാളെയും ഭയപ്പെട്ടിരുന്നില്ല. അന്നത്തെ യാത്രയിലെ അദ്ദേഹത്തിന്റെ പൊട്ടിച്ചിരി ഇന്നും വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ മായാതെ നിൽക്കുകയാണ്.