സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. റോഷാക്കിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സസ്പെൻസ് നിറച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒരു കാടിനുള്ളിലൂടെ നടന്നടുക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഒപ്പം റോഷാക്ക് റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പോസ്റ്ററും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. "കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി.. മുത്ത് മമ്മൂക്ക", എന്നിങ്ങനെ പോകുന്നു പോസ്റ്ററിന് താഴെ വന്ന കമന്റുകൾ.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.