വർഷങ്ങളായി സിനിമയിൽ നിറസാന്നിധ്യമാണെങ്കിലും രേവതിയെ തേടി സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് എത്തിയത് ഭൂതകാലം എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള പ്രിയ താരത്തിന് പുരസ്കാരം ലഭിച്ചപ്പോൾ സഹതാരങ്ങളും ആരാധകരും ഏറെ സന്തോഷിച്ചു.
ഭരതന്‍ ചിത്രമായ കാറ്റത്തെ കിളിക്കൂടിലൂടെയായാണ് രേവതി മലയാളത്തില്‍ അരങ്ങേറിയത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അഭിനയിച്ച താരം സംവിധായികയുടെ മേലങ്കിയും അണിഞ്ഞു. നേരത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം രേവതിയെ തേടിയെത്തിയിരുന്നു.
രേവതിക്ക് പുരസ്‌കാരം ലഭിച്ചത് സുഹൃത്തുക്കളും ആഘോഷമാക്കി. ലിസി ലക്ഷ്മിയായിരുന്നു ഇതേക്കുറിച്ചുള്ള വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എണ്‍പതുകളിലെ താരങ്ങളുടെ ഒത്തുചേരലിനിടയിലായിരുന്നു സുഹൃത്തുക്കള്‍ രേവതിയുടെ നേട്ടം ആഘോഷമാക്കിയത്. ഖുശ്ബു, അംബിക, സുഹാസിനി എന്നിവർക്കൊപ്പമായിരുന്നു ആഘോഷം.
'ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതിൽ ആഘോഷിക്കുന്നു !! എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിത്!! ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രേവതി.
"അതു ഒരു അഭിനയ പിശാച്" എന്ന പ്രഭു സാറിന്റെ വാക്കുകൾ കടമെടുക്കുന്നു. വർഷങ്ങളായി നിരവധി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നമ്മെ മയക്കിയ ഒരു നടിക്ക് സംസ്ഥാന അവാർഡും മറ്റ് നിരവധി ഉന്നത അംഗീകാരങ്ങളും! യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് സംസ്ഥാന അവാർഡ് നേടാനായത് വലിയ നേട്ടമാണ്! ഞങ്ങൾ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു !! - ലിസി ഫേസ്ബുക്കിൽ കുറിച്ചു.