സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും കടല്‍ രംഗങ്ങള്‍ മാത്രമാണ് ട്രെയ്‌ലറിലുള്ളത്. ചിത്രത്തിന്റെ 90 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് കടലിലാണെന്നതാണ് മറ്റൊരു സവിശേഷത.
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ ആസ്പദമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മനസിലാക്കാനായി താരങ്ങള്‍ കൊല്ലത്ത് എത്തിയത് വാര്‍ത്തയായിരുന്നു.
ഡ്യൂപ്പ് ഇല്ലാതെയാണ് താരങ്ങള്‍ മത്സ്യബന്ധന രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജയപാലന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 1ന് ചിത്രം തിയറ്ററുകളിലെത്തും.