ദുബായ് :- കൗമാരം വിടാത്ത പ്രായത്തിൽ കയ്യിലൊരു ഒരു എൻജിനിയറിങ് ഡിപ്ലോമയുമായി ഗൾഫിലെത്തുക. രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്തശേഷം സ്വന്തം സംരംഭത്തിനു തുടക്കം കുറിക്കുക. തുടർന്ന് 20 വർഷംകൊണ്ട് വിവിധ രാജ്യങ്ങളിലായി പത്തോളം സ്ഥാപനങ്ങൾ അടങ്ങുന്ന ഒരു വ്യവസായ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുക. ആരെയും അദ്ഭുതപ്പെടുത്ത വിജയകഥയാണ് ആർ. ഹരികുമാർ എന്ന പ്രവാസിയുടേത്. സ്വന്തം ജീവിതമാർഗം തേടി അന്യനാട്ടിലെത്തിയ ഇദ്ദേഹം ഇന്നു വിവിധ രാജ്യങ്ങളിലായി 1500 പേർക്ക് തൊഴിൽ നൽകുന്നു. ഉണ്ണിക്കണ്ണന്റെ സാന്നിധ്യംകൊണ്ട് പേരുകേട്ട അമ്പലപ്പുഴയിൽ ആയിരുന്നു ഹരികുമാറിന്റെ ബാല്യം. അമ്പലപ്പുഴ നീർക്കുന്നം തട്ടാരുപറമ്പ് കുടുംബാംഗം. പതിനാലാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ നേടി ആദ്യം മുംബൈയിലേക്കും അവിടെനിന്ന് ഗൾഫിലേക്കും. 1979 ൽ ഓപ്പൺ വീസയിൽ ആദ്യ യാത്ര സൗദിയിലേക്ക്. വാഗ്ദാനം ചെയ്തിരുന്ന സൂപ്പർവൈസർ ജോലിക്കു പകരം കിട്ടിയത് ‘വർക്കർ’. 21 വർഷം ദമാമിലെ അലുമിനിയം കമ്പനിയിൽ ജോലി. ക്വാളിറ്റി കൺട്രോൾ മാനേജർ വരെയായി. എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി നാടകക്കമ്പനി തുടങ്ങാനായിരുന്നു നാടക നടൻ കൂടിയായിരുന്ന ഹരികുമാറിന്റെ ആലോചന.
ഇതിനിടെ സുഹൃത്തിന്റെ നിർദേശപ്രകാരം യുഎഇയിലെ അജ്മാനിലെ ഒരു സ്ഥാപനത്തിൽ ഐഎസ്ഒ നടപ്പാക്കാൻ മൂന്ന് മാസത്തേക്ക് ഒരു ജോലി തരപ്പെട്ടു. എന്നാൽ, ഹരികുമാറിന്റെ ജോലിയിലെ താൽപര്യവും മികവും തിരിച്ചറിഞ്ഞ അവർ അദ്ദേഹത്തെ പ്രൊഡക്‌ഷൻ മാനേജരാക്കി. ഏഴു വർഷം കൊണ്ട് സ്ഥാപനത്തെ മികച്ച രീതിയിൽ കെട്ടിപ്പടുത്ത സമയത്ത് തനിക്കു മുകളിൽ മറ്റൊരാൾ ആ സ്ഥാനം കയ്യടക്കി. ഈ കൈപ്പേറിയ അനുഭവമാണ് സ്വന്തം സ്ഥാപനം തുടങ്ങാൻ ഹരികുമാറിനു പ്രേരണയായത്.
ഒന്നിൽ തുടങ്ങി പത്തിലേക്ക് ഇതെ തുടർന്നാണ് അൽമഹാ കോൺട്രാക്ടിങ് കമ്പനിയുടെ ചെയർമാൻ നസറത്ത് ഫർഹാൻ എന്ന വലിയ ബിസിനസ് മേധാവിയുമായി ചേർന്ന് 2000 ത്തിൽ എലൈറ്റ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. സൗദിയിൽ നിയമപരമായ പിന്തുണ വേണ്ടതുകൊണ്ടാണ് സുഹൃത്തായ ഈ അറബ് വംശജനെ ചെയർമാനാക്കിയത്. പിന്നീട് വളർച്ചയുടെ നാളുകളായിരുന്നു. പടിപടിയായി യുഎഇയിലും ജോർദാനിലും ഇന്ത്യയിലുമായി 10 കമ്പനികളുമായി ഗ്രൂപ്പ് വികസിച്ചു. ഇപ്പോൾ എലൈറ്റ് എന്ന മുൻനിര കോർപറേറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ് ഇദ്ദേഹം.
1500 ഓളം ജീവനക്കാർ
ജിസിസി കൂടാതെ ജോർദാനിലും ഇന്ത്യയിൽ കോയമ്പത്തൂരിലും ഇപ്പോൾ എലൈറ്റ് ഗ്രൂപ്പ് കമ്പനികൾ പ്രവർത്തിക്കുന്നു. എല്ലാറ്റിന്റെയും നായകൻ ഹരികുമാർ തന്നെ. ഗൾഫ് അലുമിനിയം കൗൺസിൽ അംഗമാണ്. ഇപ്പോൾ മാസം 7000 മെട്രിക് ടൺ അലുമിനിയം ഉൽപാദിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. എല്ലാ കമ്പനികളിലും കൂടി 1200 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും മലയാളികളാണ്. അമ്പലപ്പുഴ സ്വദേശികളാണ് കൂടുതലും. ഗ്രൂപ്പിന്റെ വിപണന ശൃംഖലയും ഇന്ത്യ, ജോർദാൻ, യമൻ, ജിസിസി, യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു .. കേരളത്തിലെ മെല്ലെപ്പോക്ക് കേരളം എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആണ് എന്നു പറയുന്ന ഹരികുമാറിന് രാഷ്ട്രീയ പ്രവർത്തകരിൽനിന്നു ലഭിച്ചത് കൈപ്പേറിയ അനുഭവങ്ങളാണ്. ജന്മനാടിൽ ഒരു ഫാക്ടറി എന്ന ആഗ്രഹവുമായി എത്തിയപ്പോൾ ഉണ്ടായ മോശം അനുഭവം അദ്ദേഹം വേദനയോടെ ഓർക്കുന്നു.
സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും മെല്ലെ പ്പോക്കു കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആറു മാസത്തോളം കേരളത്തിൽ നിന്നെങ്കിലും ആരും പച്ചക്കൊടി കാട്ടിയില്ല. എമർജിങ് കേരളയിൽ പങ്കെടുത്തു. മൂന്നു മാസത്തോളം അവരുടെ പിന്നാലെ നടത്തിയെങ്കിലും കാര്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായില്ല. അതോടെ കോയമ്പത്തൂരിൽ പോയി സ്ഥാപനം തുടങ്ങി. അവിടെ ഇപ്പോൾ 125 ജീവനക്കാർ തൊഴിലെടുക്കുന്നു. രാഷ്ട്രീയക്കാർ പൊതുവേ വാക്കു പാലിക്കാത്തവർ ആണെന്നുള്ളതാണ് അനുഭവം. ചർച്ചകളെല്ലാം നടന്നെങ്കിലും ഉദ്യോഗസ്ഥന്മാരുടെ സഹകരണം ഇല്ലായ്മയാണ് പദ്ധതി തുടങ്ങാൻ തടസ്സമായത്. പണം മുടക്കാൻ ധാരാളം പ്രവാസികൾ തയാറാണെങ്കിലും അവരെ നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇവിടെയുള്ളത്. കേരളം നിക്ഷേപസൗഹൃദമെന്നു പറയുമെങ്കിലും വ്യവസായം തുടങ്ങുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്നയത്ര പ്രോത്സാഹനം ഇവിടെയില്ലെന്നു പറയേണ്ടി വരുന്നു. അതുവഴി കേരളത്തിൽ വരേണ്ട പലതും മറ്റ് സംസ്ഥാനങ്ങൾ തേടി പോകുന്നു, ഹരികുമാർ പറയുന്നു. എന്നും നാട്ടുകാർക്കു സഹായം കോവിഡ് പ്രതിസന്ധിയിൽ നാട്ടുകാരെ സഹായിക്കുവാൻ ആലപ്പുഴയിലെ സ്വന്തം ടൂറിസ്റ്റ്ഹോമായ ‘കല ടൂറിസ്റ്റ് ഹോം,’ കോവിഡ് ആശുപത്രി ആക്കി മാറ്റി. ഗൾഫിൽനിന്ന് ഒരു കണ്ടെയ്നറിൽ ഓക്സിജൻ സിലിണ്ടറും വാക്സീൻ കിറ്റും അയയ്ക്കാനുള്ള ശ്രമങ്ങൾ സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. അപ്പോഴാണ് ഭാര്യയുടെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആശുപത്രിയാക്കി മാറ്റാൻ നൽകിയത്.
ദുബായി പൊലീസിന്റെ അംഗീകാരം കോവിഡ് കാലഘട്ടത്തിൽ വിമാനസർവീസുകൾ നിർത്തലാക്കിയപ്പോൾ പ്രവാസികളായ ജീവനക്കാരെ നാട്ടിൽ എത്തിക്കുവാൻ ചാർട്ടേഡ് വിമാനം തയാറാക്കി നൽകിയ ഇന്ത്യൻ വ്യവസായിയാണ് ഇദ്ദേഹം. ഇത്തരത്തിൽ കോവിഡ് കാലത്ത് പ്രവാസികൾക്കു നൽകിയ സേവനങ്ങൾ പരിഗണിച്ച് ദുബായ് പൊലീസ് ഇദ്ദേഹത്തിനു പ്രത്യേക അംഗീകാരവും നൽകിയിട്ടുണ്ട്. വിജയതന്ത്രങ്ങൾ ‘‘ചെറുപ്പത്തിൽ നാടകം കളിക്കുന്ന സമയത്ത് കർട്ടൻ കെട്ടാനും പിടിക്കാനും വലിക്കാനുമെല്ലാം അണിയറക്കാർക്കൊപ്പം നിൽക്കുമായിരുന്നു. അതുപോലെ ചെയ്യുന്ന എല്ലാ ജോലിയോടും ഇഷ്ടവും ഉത്തരവാദിത്തവും കാണിക്കും. കമ്പനിയിൽ ബ്രേക്ക്‌ഡൗൺ വരുമ്പോൾ മെയിന്റനൻസ് ജോലികൾ കണ്ടു പഠിക്കുമായിരുന്നു, അത് എന്റെയൊരു ശീലമായി.’’ – ഹരികുമാർ പറയുന്നു.
10 കമ്പനികളുടെ മുതലാളി ആണെങ്കിലും തൊഴിലാളിയെപ്പോലെ ഇന്നും പണിയെടുക്കുന്നു.
ഉപഭോക്തൃ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന മികച്ച ഉൽപന്നങ്ങൾ നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഗുണനിലവാരത്തിനും ആധുനികവൽക്കരണത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം ഭാവിയിലെ അനന്തമായ സാധ്യതകൾ മുന്നിൽ കണ്ട് ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടത്തുന്നു. ഉത്തരവാദിത്തം, സത്യസന്ധത, ഈശ്വരാധീനം. ഇവയുടെയൊക്കെ ഏകോപനമാണ് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്.
ഗ്രൂപ്പ് കമ്പനികൾ
1. എലൈറ്റ് എക്സ്ട്രൂഷൻ (റാസൽഖൈമ)
2. ക്ലാസിക് എക്സ്ട്രൂഷൻ (ഷാർജ)
3. നെലക്സ് കോ (ദുബായി)
4. അലുമിൽടെക് ഗൾഫ് (റാസൽഖൈമ)
5. തെർമോസെറ്റ് മിഡിൽ ഈസ്റ്റ് (ദുബായി)
6. ഗ്ലോബൽ പയനിയർ (അജ്മാൻ)
7. യുണൈറ്റഡ് പൗഡർ കോട്ടിങ് (ഷാർജ ഫ്രീ സോൺ)
8. വൈറ്റ് മെറ്റൽ (റാസൽഖൈമ)
9. ജോർദാൻ അലുമിനിയം എക്സ്ട്രൂഷൻ (ജോർദാൻ )
10. എലെക്സ് അലുമിനിയം (കോയമ്പത്തൂർ)
വൈവിധ്യമാർന്ന അലുമിനിയം നിര മിഡിൽ ഈസ്റ്റിലെ ഏറ്റവും ആധുനിക നിർമാണ സംവിധാനങ്ങളാണ് എലൈറ്റ് കമ്പനികളിലുള്ളത്. രണ്ടു ലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്യുന്നു. അലുമിനിയം എക്‌സ്‌ട്രൂഡ് ചെയ്‌ത പ്രൊഫൈലുകളും സിസ്റ്റങ്ങളും അലുമിനിയം ഫ്ലാറ്റ്-റോൾഡ് ഉൽപന്നങ്ങളും (കോയിലുകളും ഷീറ്റുകളും) ഇപിഡിഎം റബർ പ്രൊഫൈലുകളും നിർമിക്കുന്നു. റൂഫ് ഷീറ്റ്, ഗാർഡിങ് മെറ്റീരിയൽസ് അടക്കം അലുമിനിയത്തിന്റെ വിവിധ രൂപങ്ങൾ ഇവിടെ രൂപകൽപന ചെയ്യുന്നുണ്ട്. പൗഡർ കോട്ടിങ് വുഡ് കോട്ടിങ് അനോഡൈസിങ്, കോയിൽ കോട്ടിങ് തുടങ്ങിയ സംവിധാനങ്ങളുള്ള അലൂമിനിയം എക്സ്ട്രൂഷൻ കമ്പനികളുടെ സമുച്ചയമാണ് എലൈറ്റ് ഗ്രൂപ്പ്.
സിനിമ
രണ്ടു സിനിമകൾ സുഹൃത്തായ വിനയന്റെ സംവിധാനത്തിൽ ‘രഘുവിന്റെ സ്വന്തം റസിയ ' എന്ന സിനിമ നിർമിച്ചു. അത് വൻ പരാജയം ആയിരുന്നു. എന്നിട്ടും കൂടുതൽ പണം മുടക്കി ‘എന്നാലും ശരത്' നിർമിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഈ സിനിമയും ദയനീയമായി പരാജയപ്പെട്ടു. ലാഭം പ്രതീക്ഷിച്ചല്ല, മറിച്ച് കലയോടുള്ള താൽപര്യം മൂലമാണ് പണം മുടക്കിയത്. പക്ഷേ, സിനിമാരംഗത്തെ അധോലോകം പുതുതായി കടന്നുവരുന്നവരെ വിജയിക്കാൻ അനുവദിക്കില്ല എന്നാണ് അനുഭവത്തിൽനിന്നു ഹരികുമാർ പറയുന്നത്.
ഹരികഥ
ലോഹം കൊണ്ട് അറബിനാട്ടിൽ ഒരു ലോകം സൃഷ്ടിച്ച മലയാളി ആർ ഹരികുമാർ തന്‍റെ ആത്മകഥയായ ഹരികഥ 42-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2023 ൽ പ്രകാശനം ചെയ്കു. എലൈറ്റ് ഗ്രൂപ്പ് എംഡിയും മനുഷ്യ സ്നേഹിയുമായ ഹരികുമാറിന്‍റെ പുസ്തകപ്രകാശന ചടങ്ങ് പ്രവാസി മലയാളികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. സംവിധായകൻ കമൽ പുസ്തകത്തിന്‍റെ പ്രകാശന കർമം നിർവഹിച്ചു. നടൻ സൈജു കുറുപ്പ് പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. കൊവിഡ് കാലത്ത് ശ്രദ്ധേയ മാധ്യമപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തകരെ ചടങ്ങിൽ ഹരികഥ പുരസ്കാരം നൽകി ആദരിച്ചു. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവൻ ചടങ്ങിൽ ഹരികഥ പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നും ഏറ്റുവാങ്ങി. മാനോരമ കറസ്പോണ്ടന്‍റ് സാദിഖ് കാവിൽ, മീഡിയ വൺ കറസ്പോണ്ടന്‍റ് എംസിഎ നാസർ, സിറാജ് കറസ്പോണ്ടന്‍റ് റാഷിദ് പൂമാടം എന്നിവർക്കും ഹരികഥാ പുരസ്കാരം സമ്മാനിച്ചു. തന്‍റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് ഹരികഥയിലൂടെ വായനക്കാരോട് ആർ ഹരികുമാർ പങ്കുവയ്ക്കുന്നത്. കവിയും ഗാനരചയിതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ പുസ്തകപരിചയം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി. ദുബായ് ഇൻവെസ്റ്റ്മെന്‍റ് റിയൽ എസ്റ്റേറ്റ് മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി ചടങ്ങിൽ പങ്കെടുത്തു.
എക്‌സ്ട്രൂഷൻ ബ്രാൻഡ് ലോകത്ത് വ്യാവസായിക അലുമിനിയം ഉൽപന്നങ്ങളുടെ പര്യായമായി എലൈറ്റ് ഗ്രൂപ്പിനെ മാറ്റുക എന്നതാണ് ഇപ്പോൾ ഹരികുമാറിന്റെ സ്വപ്നം. അത് യാഥാർഥ്യമാക്കാൻ എല്ലാവിധ പിന്തുണയുമായി ജീവിതപങ്കാളി കല കൂടെയുണ്ട്. ഒപ്പം, മക്കളായ ഡോ. സൗമ്യ, ഡോ.ലക്ഷ്മി. മരുമക്കളായ ഡോ. മുരളിരാജ്, ഡോ. രാഹുൽരാജ് കൊച്ചുമക്കളായ ഹരികേഷ്, ത്രിവേഷ് എന്നിവരടങ്ങുന്ന കുടുംബവും