അബുദാബി: മലയാളം മിഷൻ പാഠ്യപദ്ധതിയുടെ അവസാനഭാഗമായ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള നീലക്കുറിഞ്ഞി കോഴ്‌സിന് അബുദാബിയിൽ തുടക്കമായി. ഇതാദ്യമായാണ് മലയാളം മിഷൻ യുഎഇയിൽ നീലക്കുറിഞ്ഞി അവതരിപ്പിക്കുന്നത്.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിടങ്ങളിലെ രണ്ട് പഠന കേന്ദ്രങ്ങളിലായാണ് കോഴ്‌സ് ആരംഭിക്കുന്നത്. സമാജം അധ്യാപകരായ ബിൻസി ലെനിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ എന്നിവർക്ക് നീലക്കുറിഞ്ഞി പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും മുൻ എംഎൽഎ വി.ടി.ബൽറാം സമ്മാനിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡൻറ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി മലയാളി സമാജം, ഷാബിയ ഇനി ഏരിയകളിൽ നിന്ന് കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോത്സവങ്ങളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വി.ടി.ബൽറാം, സമാജം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. , മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡൻ്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത്ത് കുമാർ, കൺവീനർ എ.പി.അനിൽകുമാർ, മേഖലാ കോഓർഡിനേറ്റർ ബിൻസി ലെനിൻ, സമാജം വൈസ് പ്രസിഡൻ്റ് ടി.എ.നിസാർ, ട്രഷറർ യാസർ, ആക്ടിങ് കോ–ഓർഡിനേറ്റർ എ.എം.അൻസാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കണിക്കൊന്ന പഠനോത്സവത്തിൽ 100 ശതമാനം വിജയം നേടിയ വിദ്യാർഥികളായ ഐഡിൻ ഷെബിൻ, ദേവിക പ്രിയേഷ്, ഇഷാൽ മുനീർ, ശ്രേയ ശ്രീലക്ഷ്മി, ദേവി തരുണിമ, വൈഗ പ്രമോദ്, സഹ്‌റിൻ ഫാത്തിമ, വൈഗ ശ്രീനാഥ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.