ആമിർ ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്‌ലർ എത്തി.
ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ.
ഇരുപതുകാരനായും നാല്‍പതുകാരനായും ആമിർ ചിത്രത്തിലെത്തുന്നു. അദ്വൈത് ചന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിങ്, ചൈതന്യ അക്കിനേനി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.
തിരക്കഥ ഹിന്ദിയിലേയ്ക്ക് പകർത്തിയിരിക്കുന്നത് നടൻ അതുൽ കുൽക്കർണിയാണ്. സംഗീതം പ്രിതം. ഛായാഗ്രഹണം സേതു. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. കൊല്ലം ജില്ലയിലുള്ള ജഡായുപ്പാറയും ട്രെയ്‌ലറിൽ കാണാം. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. 2020 ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന 'ലാല്‍ സിംഗ് ഛദ്ദ' കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ കലാശ പോരാട്ടത്തിനിടയിലാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്‌ലര്‍ എത്തി.