ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ഇതിനോടകം സിനിമാ മേഖലയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത ചിത്രം 120 കോടിയിലധികം തിയറ്റര്‍ കളക്ഷന്‍ നേടി. 30 കോടിയിലധികമാണ് കാര്‍ത്തികേയ 2 ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം നേടിയത്.
കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കുറഞ്ഞ ബഡ്ജെറ്റില്‍ അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ചിത്രം മലയാളത്തിലേക്കും എത്തുകയാണ്. സെപ്തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഇ 4 എന്റര്‍ടൈന്‍മെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാര്‍. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. മലയാളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മറ്റു ഭാഷകളില്‍ ലഭിച്ച അതേ സ്വീകാര്യത ഉണ്ടാകുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേര്‍ വേഷമിടുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.