വിനായകനും ഷൈന്‍ ടോം ചാക്കോയും ആറാടിയ സിനിമ. ലിയോ തദേവൂസിന്‍റെ 'പന്ത്രണ്ട് ' സിനിമയെ അങ്ങനെയും പറയാം. ഇരുവരും മല്‍സരിച്ച് അഭിനയിച്ച സിനിമ. രണ്ടുപേരുടെയും കോമ്പിനേഷന്‍ സീനുകളുകളില്‍ അത് പ്രകടമായിരുന്നു. സൂഫിയും സൂജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ്‌മോഹന്‍, വിനായകന്‍, ഷൈന്‍ടോം ചാക്കോ, ലാല്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.
ജേഷ്ഠാനുജന്‍മാരായ വിനായകന്‍റെ അന്ത്രോ ഷൈന്‍റെ പത്രോസ് എന്നീ കഥാപാത്രങ്ങള്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തിന്‍റെ ജീവിതത്തില്‍ നടക്കുന്ന ചില നാടകീയരംഗങ്ങളെ കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. തീരദേശമേഖലയില്‍ ജീവിക്കുന്ന ഇവരിലേക്ക് ഔദ് വിദ്വാനായ ദേവ്‌മോഹന്‍റെ ഇമ്മാനുവല്‍ എന്ന കഥാപാത്രം എത്തുന്നതോടെയാണ് കഥയുടെ ഗതിമാറുന്നത്.
ഒരു മിസ്ട്രി ത്രില്ലറാണ് ചിത്രം. കടലും അതിലെ മത്സ്യബന്ധവും അതിന്‍റെ ഭംഗിയോടെ തന്നെ പകര്‍ത്താന്‍ ഛായാഗ്രഹകന്‍ സ്വരൂപ് ശോഭ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ സിനിമ തന്നെ ദൃശ്യാവിഷ്‌കാരമികവ് കൊണ്ടുകൂടി ശ്രദ്ധ നേടുന്നതാക്കാന്‍ സ്വരൂപിന് സാധിച്ചു. യേശുവിനെയും പന്ത്രണ്ട് ശിഷ്യന്‍മാരെയും ഓര്‍മപ്പെടുത്തുന്നതാണ് സിനിമയിലെ രംഗങ്ങള്‍. പാപങ്ങളില്‍ നിന്ന് പന്ത്രണ്ട് ശിഷ്യമാരെ മോചിതരാക്കുന്ന യേശുക്രിസ്തു. ശിഷ്യന്‍മാര്‍ക്കൊപ്പമുളള അന്ത്യാത്താഴം, യേശുവിനെ ഒറ്റുന്ന യൂദാസ്, യേശുവിന്‍റെ ഉയര്‍ത്തേഴുന്നേല്‍പ്പ് തുടങ്ങിയ ബൈബിളിലെ ഭാഗങ്ങളെ ഓര്‍ക്കപ്പെടുത്തുന്നതാണ് സിനിമയിലെ പല രംഗങ്ങളും.
സിനിമയുടെ അവസാനം ഇമ്മാനുവല്‍ എന്ന കഥാപാത്രം ആരെന്ന വലിയ ചോദ്യം സിനിമ അവശേഷിപ്പിക്കുന്നു. ആദ്യ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് ദേവ് മോഹനും ലഭിച്ചത്. ലാലിന്‍റെ വ്യത്യസ്തമായ പ്രകടനവും പന്ത്രണ്ടിലൂടെ കാണാം. സിനിമയുടെ പശ്ചാത്തല സംഗീതം പല രംഗങ്ങള്‍ക്കും മാറ്റുകൂട്ടി. ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ആല്‍ഫോന്‍സ് ജോസഫാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. വളരെ മനോഹരമായി തന്നെ സിനിമയിലെ ഫൈറ്റ് സീനുകളും ചിത്രീകരിച്ചിട്ടുണ്ട്.
ഗാനത്തിനൊപ്പം ഷൈനിന്‍റെയും വിനായകന്‍റെയും ഇടി കൈയ്യടി നേടുന്നതാണ്. വളരെ ചെറിയൊരു ഇതിവൃത്തമാണ് സിനിമയുടെതെങ്കിലും ഇനിയും എന്തൊക്കെയോ സംഭവിക്കാന്‍ ഉണ്ടെന്ന ഭാവത്തില്‍ പ്രേക്ഷകരെ ഉടനീളം പിടിച്ചു നിര്‍ത്താന്‍ സിനിമയ്ക്കായി. ശ്രിന്ദ, വീണനായര്‍, ശ്രീലത നമ്പൂതിരി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദരപാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.