ഉലക നായകന്‍ കമല്‍ ഹാസന്‍ നായകനായെത്തിയ 'വിക്രം' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കൊണ്ട് മുന്നേറുകയാണ്. ഇതിനോടകം തന്നെ 300 കോടി ക്ലബ്ബില്‍ ഇടംനേടിയ വിക്രം കേരളത്തിലും തമിഴ്‌നാട്ടിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറുകയും ചെയ്തു.
കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് വിക്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലും ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഇതാ വിക്രം ഏറ്റെടുത്ത മലയാളി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. തന്റെ പുതിയ ചിത്രമായ മാമനിതന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.
കേരളത്തിലെത്തുന്നത് സ്വന്തം വീട്ടില്‍ വരുന്നത് പോലെയാണെന്നും കേരളത്തിലെ പ്രേക്ഷകര്‍ ഭാഷാ ഭേദമില്ലാതെ നല്ല സിനിമകളെ സ്വീകരിക്കുന്നവരാണെന്നും വിജയ് സേതുപതി പറഞ്ഞു. വിക്രം ഏറ്റെടുത്തത് പോലെ തന്നെ മാമനിതനെയും മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 24നാണ് മാമനിതന്‍ തിയേറ്ററുകളില്‍ എത്തുന്നത്.