കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം എത്തുന്നു. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയെന്നും സിനിമ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം വാസുദേവ മേനോൻ പറഞ്ഞു.
ചിത്രത്തിൽ അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെ സിനിമയിലെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായി മുൻപ് വന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
2008ലാണ് വേട്ടയാട് വിളയാട് റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തിയത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിരുന്നു.
നിലവിൽ 'വെന്ത് തണിന്തത് കാട്' ആണ് ഗൗതം മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിമ്പു നായകനാകുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്. മലയാളി താരങ്ങളായി നീരജ് മാധവും സിദ്ദിഖും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.