ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ 'മേപ്പടിയാൻ' താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ , ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് നിർമ്മിച്ചത്.
2022 മാർച്ച് മാസത്തിൽ, ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയിലും ചിത്രം അംഗീകാരം നേടിയിരുന്നു. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ ‘മേപ്പടിയാൻ’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉണ്ണി മുകുന്ദനുംസംവിധായകൻ വിഷ്ണു മോഹനും ചേർന്നാണ് അന്ന് പുരസ്‌കാരം സ്വീകരിച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 100ഓളം ചിത്രങ്ങളെ മറികടന്നാണ് 'മേപ്പടിയാൻ' ബെംഗളൂരു മേളയിൽ ഈ അംഗീകാരത്തിന് അർഹമായത്.
ഈ വർഷം ഫെബ്രുവരിയിൽ ദുബായ് എക്‌സ്‌പോ 2020-ൽ (Dubai Expo 2020) സിനിമ പ്രദർശിപ്പിച്ചു. 'ഇന്ത്യ പവലിയനിൽ' അതിഥികൾക്ക് മുന്നിലായിരുന്നു 'മേപ്പടിയാൻ' പ്രദർശനം. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ഇതാദ്യമായാണ് ഒരു ചിത്രം പ്രദർശിപ്പിക്കുന്നത്.
ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.