വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും ബോക്സ് ഓഫീസ് കയ്യടക്കാൻ ഉലക നായകൻ എത്തുന്നു. കമൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും പങ്കാളികളാകുന്നു. ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.
ഇന്നലെ ട്വിറ്ററിലൂടെയാണ് റെഡ് ജയന്‍റ് മൂവീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
പല കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് മുടങ്ങിപ്പോയ ചിത്രമാണ് ഇന്ത്യന്‍ 2. ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ ബാധിച്ചു.
1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ദേശീയ അവാര്‍ഡും കമലിനെ തേടിയെത്തി.
വമ്പൻ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.