ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വാശിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്സിലൂടെ ജൂലൈ 17ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത്. തിയറ്ററിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
10 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ തുകയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല. ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.