ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം 'സീതാരാമ'ത്തിന് യു എ യിൽ പ്രദർശനവിലക്ക്. ദുൽഖർ സൽമാൻ നായകനാകുന്ന റൊമാന്‍റിക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങവെയാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ സീതാരാമത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സീതാരാമത്തിന്റെ നിർമ്മാതാക്കൾ മന്ത്രാലയത്തിൽ റീ സെൻസറിനായി അപേക്ഷിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് ജിസിസി രാജ്യങ്ങൾ വലിയ വിപണിയാണുള്ളത്.വിലക്ക് നീക്കിയില്ലെങ്കിൽ അത് ബോക്‌സ് ഓഫീസ് കളക്ഷനിൽ സ്വാധീനം ചെലുത്തുമെന്നുമാണ് കരുതപ്പെടുന്നത്.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.