ദുബായ് :യുഎഇയിലെ ഉപഭോക്താക്കൾക്കായി 12 മാസത്തെ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രമുഖ ആഭരണ ബ്രാൻഡായ തനിഷ്ക്. വിജയദശമി ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയ ‘റിവാ ഗോൾഡൻ അഡ്വാന്റേജ് പ്ലാൻ’ (RGA) വഴി സാധാരണക്കാർക്ക് കുറഞ്ഞ തുകയിൽ സ്വർണ്ണം സ്വന്തമാക്കാനുള്ള അവസരമൊരുങ്ങുന്നു.
യുഎഇയിലുടനീളമുള്ള തനിഷ്ക് ഔട്ട്ലെറ്റുകളിൽ ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾ അടയ്ക്കുന്ന ഓരോ ഗഡുവും അന്നത്തെ 22 കാരറ്റ് സ്വർണ്ണ നിരക്കിന് ആനുപാതികമായി സ്വർണ്ണത്തിന്റെ തൂക്കത്തിലേക്ക് (ഗ്രാം) മാറ്റപ്പെടും. രൂപത്തിലോ ദിർഹത്തിലോ ഉള്ള വിലക്കയറ്റത്തിന്റെ ഭാരമില്ലാതെ സ്വർണ്ണം സുരക്ഷിതമായി സ്വരൂപിക്കാൻ ഇത് സഹായിക്കുന്നു.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ തനിഷ്ക് ബൊട്ടീക്കുകൾ വഴി പദ്ധതിയിൽ ചേരാം. പ്രതിമാസം കുറഞ്ഞത് 100 ദിർഹം മുതൽ നിക്ഷേപം ആരംഭിക്കാം. തുടർന്നുള്ള തുകകൾ 50 ദിർഹത്തിന്റെ ഗുണിതങ്ങളായി തിരഞ്ഞെടുക്കാം. ചേരുന്ന തീയതി തന്നെയാണ് അടുത്ത മാസങ്ങളിലെയും പേയ്മെന്റ് തീയതി. ഓരോ ഗഡുവും അടച്ചുതീർക്കാൻ 30 ദിവസത്തെ സമയപരിധി ലഭിക്കും.
വിജയദശമി പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായ സമയമാണെന്നും, ഈ അവസരത്തിൽ യുഎഇയിലെ ഉപഭോക്താക്കൾക്കായി റിവാ ഗോൾഡൻ അഡ്വാന്റേജ് പ്ലാൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് ജ്വല്ലറി വിഭാഗം സിഇഒ അരുൺ നാരായൺ വ്യക്തമാക്കി. ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾക്കായി ആസൂത്രിതമായി സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ ഈ സമ്പാദ്യ പദ്ധതി വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ 12 ഗഡുക്കൾ പൂർത്തിയാകുമ്പോൾ, തുക അടച്ച ബൊട്ടീക്കിൽ നേരിട്ടെത്തി 90 ദിവസത്തിനകം ഇഷ്ടമുള്ള ആഭരണങ്ങളാക്കി ഇത് മാറ്റിയെടുക്കാം (Redemption).
പദ്ധതിയിലെ ഗഡുക്കൾ പൂർത്തിയാക്കുന്നതനുസരിച്ച് പണിക്കൂലിയിലും ഡയമണ്ട് മൂല്യത്തിലും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
12 ഗഡുക്കളും അടയ്ക്കുന്നവർക്ക്: സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം ഇളവ്, ഡയമണ്ട് വിലയിൽ 30 ശതമാനം കിഴിവ്, പ്ലാറ്റിനം-സ്റ്റഡഡ് ആഭരണങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ട്.
10 മുതൽ 11 ഗഡുക്കൾ വരെ പൂർത്തിയാക്കുന്നവർക്ക്: പണിക്കൂലിയിൽ 15 ശതമാനവും ഡയമണ്ട് വിലയിൽ 20 ശതമാനവും ഇളവ്.
7 മുതൽ 9 ഗഡുക്കൾ വരെ അടയ്ക്കുന്നവർക്ക്: പണിക്കൂലിയിലും ഡയമണ്ടിലും 10 ശതമാനം വീതവും പ്ലാറ്റിനം-സ്റ്റഡഡ് ആഭരണങ്ങൾക്ക് 5 ശതമാനവും ഇളവ് ലഭിക്കും.
പ്രവാസികൾക്കിടയിൽ വിവാഹ ആവശ്യങ്ങൾക്കും മറ്റ് ഉത്സവങ്ങൾക്കുമായി മുൻകൂട്ടി സ്വർണ്ണം വാങ്ങിവെക്കുന്ന കുടുംബങ്ങൾക്ക് ഈ മാസംതോറുമുള്ള സ്കീം വലിയ സാമ്പത്തിക സഹായമാകും.