പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ കാപ്പയിലെ മധു എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 'മധു' 'കൊട്ട മധു' ആകുന്നതിന് മുമ്പ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പൃഥ്വി ചിത്രം പങ്കുവെച്ചത്. നിര്‍ത്തിയിട്ടിരിക്കുന്ന ബുള്ളറ്റിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ, നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണില്‍ നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ചിത്രത്തില്‍ ആസിഫ് അലിയും അന്ന ബെനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മഞ്ജു വാര്യരാണ് നായിക. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.