തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രമായ 'കടുവ'. ഷാജി കൈലാസിന്റെ ഗംഭീര തിരിച്ചുവരവാണിതെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. ഇപ്പോള്‍ ഇതാ കടുവയിലെ ഒരു മാസ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
പൃഥ്വിരാജിന്റെ കഥാപാത്രവും ഷാജോണ്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിന്റെ പോലീസ് സ്‌റ്റേഷന്‍ സീനാണ് പുറത്തുവന്നിരിക്കുന്നത്. മാസ് ഡയലോഗിന് ശേഷം പൃഥ്വിരാജിന്റെ സ്ലോ മോഷന്‍ നടത്തവും കലിപ്പന്‍ നോട്ടവുമെല്ലാം വീഡിയോയിലുണ്ട്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കനല്‍ കണ്ണന്‍, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.