ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു.
1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. തകരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോറി, ചാമരം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ്, അടക്കം നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്മാത്ര, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും വേഷമിട്ടു.
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
പുരസ്‌കാരങ്ങൾ
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - തകര (1979)
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ചാമരം (1980)
ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് - മീണ്ടും ഒരു കാതൽ കഥൈ (1985)
മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ഋതുഭേദം (1987)
ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് - 22 ഫീമെയിൽ കോട്ടയം (2012)
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് - (2014)