മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ആടുജീവിതം എത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന സിനിമയുടെ ചിത്രീകരണം കോവിഡിനെ തുടര്‍ന്ന് ഇടക്കാലത്ത് മുടങ്ങിയിരുന്നു.
ഇപ്പോള്‍ ഇതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'നീണ്ട 14 വര്‍ഷങ്ങള്‍, ഒരായിരം പ്രതിബന്ധങ്ങള്‍, ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍, ഒരേയൊരു ഉള്‍ക്കാഴ്ച, ബ്ലെസിയുടെ ആടുജീവിതം, പാക്കപ്പ്'. പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനൊപ്പം മരുഭൂമിയില്‍ നിന്നുള്ള സംവിധായകന്‍ ബ്ലെസിയുടെയും ആടുകളേയും തെളിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങള്‍ വൈറലായിരുന്നു.