ആടുജീവിതം സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ‘‘ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു.’’ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. മൂന്ന് മാസം നീണ്ട വിദേശത്തെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.
മാര്‍ച്ച് പതിനാറിനാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കാരണം ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആരംഭിക്കുകയായിരുന്നു. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.
ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി പൃഥ്വി ശരീരഭാരം കുറച്ചിരുന്നു.
ഓസ്കര്‍ പുരസ്കാര ജേതാവായ എ.ആര്‍ റഹ്‍മാന്‍ നീണ്ട ഇടവേളക്ക് ശേഷം ആട് ജീവിതത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2020–ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോർദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22ന് സംഘം പ്രത്യേക വിമാനത്തിൽ തിരിച്ചെത്തി.