മലയാളത്തിന്റെ പ്രിയതാരം ജയറാമിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഗോൾഡന് വിസ ലഭിച്ച വിവരം അറിയിച്ചത്. മലയാളി വ്യവസായി യൂസഫലിക്കൊപ്പം എത്തിയാണ് ജയറാം ഗോൾഡൻ വിസ സ്വീകരിച്ചത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരം യൂസഫലി സർ കടപ്പാട് സ്നേഹം ഗോൾഡൻ വിസ നൽകിയതിന് യുഎഇ ഗവൺമെന്റിന് നന്ദി അറിയിക്കുന്നു കൂടാതെ എന്നെ സ്നേഹിക്കുന്ന മലയാള സമൂഹത്തിനും- ജയറാം കുറിച്ചു. ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018 ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. നേരത്തെ മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.