ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. തുടര്‍ച്ചയായി റിലീസ് മാറ്റിവെയ്ക്കേണ്ടി വന്നെങ്കിലും വലിയ രീതിയിലുള്ള പ്രൊമോഷനാണ് പൃഥ്വിരാജ് നടത്തിവരുന്നത്. ഇപ്പോള്‍ ഇതാ കടുവയിലെ പ്രൊമോ സോംഗ് പുറത്തുവന്നിരിക്കുകയാണ്.
പാലാ പള്ളി എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൃഥ്വിരാജിന്റെ അക്ഷന്‍ രംഗങ്ങളാണുള്ളത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കടുവയെന്ന് ടീസറും ട്രെയിലറുമെല്ലാം നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു. കട്ടക്കലിപ്പിലുള്ള കടുവാക്കുന്നേല്‍ കുറുവച്ചന്റെ മീശപിരിക്കലും ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ചിത്രം പാന്‍ ഇന്ത്യ റിലീസാണ് ലക്ഷ്യമിടുന്നത്.
'കടുവ' അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവ'യില്‍ വില്ലനായി വിവേക് ഒബ്‌റോയും എത്തുന്നുണ്ട്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് കടുവയില്‍ വിവേക് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും വിവേക് വില്ലന്‍ കഥാപാത്രമായി എത്തിയിരുന്നു.