ഉലക നായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ 'വിക്രം' വമ്പന്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ഇപ്പോള്‍ ഇതാ കമല്‍ ഹാസന്റെ പുഷ് അപ്പ് വീഡിയോ വൈറലായിരിക്കുകയാണ്.
'വിക്രം' സംവിധായകന്‍ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടത്. ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്തത് പോലെ കമല്‍ ഹാസന്‍ സാറിന്റെ വീഡിയോ ഇതാ. അദ്ദേഹം 26 പുഷ് അപ്പുകള്‍ ചെയ്തിരിക്കുന്നു. അതില്‍ രണ്ടെണ്ണം തനിയ്ക്ക് മിസ് ആയെന്നും ലോകേഷ് ട്വിറ്ററില്‍ കുറിച്ചു.
നടനും സംവിധായകനും എന്നതിനേക്കാള്‍ ഉപരി വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് കമല്‍ ഹാസനും ലോകേഷ് കനകരാജും. താന്‍ കമല്‍ ഹാസന്റെ കടുത്ത ആരാധകനാണെന്ന് ലോകേഷ് പല തവണ പറഞ്ഞിട്ടുണ്ട്. വിക്രം വിജയമായതോടെ കമല്‍ ഹാസന്‍ ലോകേഷിന് ആഡംബര കാറും ലോകേഷിന്റെ കഴിവിനെ പ്രശംസിച്ച് കൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും സമ്മാനമായി നല്‍കിയിരുന്നു.