സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സെയ്ഫ് അലി ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഹൃത്വിക് റോഷനാണ് ഇക്കാര്യം അറിയിച്ചത്.
വിക്രം വേദയ്ക്ക് പാക്കപ്പ് പറയുമ്പോള്‍ നാമെല്ലാവരും നടത്തിയ സന്തോഷകരമായ ഓര്‍മ്മകള്‍, പരീക്ഷണ സമയങ്ങള്‍, ആക്ഷന്‍, ത്രില്‍, കഠിനാധ്വാനം എന്നിവയാല്‍ എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു . റിലീസ് തീയതിയോട് അടുക്കുമ്പോള്‍ ആവേശത്തോടൊപ്പം ചെറിയ പരിഭ്രമവുമുണ്ട്. തിയേറ്ററുകളില്‍ കാണാം.
പുഷ്‌കര്‍- ഗായത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായക ദമ്പതികള്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും ഹൃത്വിക് ട്വീറ്റ് ചെയ്തിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ തമിഴ് പതിപ്പും സംവിധാനം ചെയ്തത് പുഷ്‌കര്‍- ഗായത്രിയാണ്. വിജയ് സേതുപതി വേദയായും മാധവന്‍ വിക്രമായും വേഷമിട്ട ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹിന്ദി പതിപ്പില്‍ വിക്രമായി സെയ്ഫ് അലി ഖാനും വേദയായി ഹൃത്വിക് റോഷനുമാണ് എത്തുക. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.