അബൂദബി: ആഗോളതലത്തിലെ പുതിയ വ്യാപാര-വാണിജ്യ സാധ്യതകളും യു.എ.ഇയുടെയും കേരളത്തിന്റെയും ബിസിനസ്, ടൂറിസം മേഖലയിലെ കുതിച്ചുചാട്ടവും അവസരങ്ങളും ചർച്ച ചെയ്ത് 'ഗള്‍ഫ് മാധ്യമം ബിസിനസ് സമ്മിറ്റ്'.
അബൂദബി ഖലീഫ സ്ട്രീറ്റ് 'ലെ റോയല്‍ മെറിഡിയൻ' ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിരവധി വ്യവസായികളും പ്രഫഷനലുകളും പങ്കെടുത്തു. ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജില്‍ മുഹമ്മദ് ആദ്യ സെഷനില്‍ 'പ്രോപർട്ടി മേഖലയിലെ നിക്ഷേപ സാധ്യതകള്‍' എന്ന വിഷയം അവതരിപ്പിച്ചു.
രാജ്യാന്തര ബ്രാൻഡുകളും നിക്ഷേപ സംരംഭകരും കടന്നുവരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രതീക്ഷയേകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന വലിയ ഉത്തരവാദിത്തം കേരളത്തിലെ ബിസിനസുകള്‍ക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നിക്ഷേപകരെ ആകർഷിക്കാനുള്ള സാധ്യതകള്‍ കൂടിയാണ്. ഒപ്പം നമ്മുടെ ബിസിനസുകളുടെ വളർച്ചക്ക് അത് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു സ്റ്റാർട്ടപ് ബിസിനസുകളും പരീക്ഷണങ്ങളാണെന്നും വ്യത്യസ്തമായി ചിന്തിക്കുകയും വേറിട്ട ബിസിനസ് രീതികള്‍ അവതരിപ്പിക്കുകയും ചെയ്യുമ്ബോഴാണ് സംരംഭകനായി ഉയർന്നുവരാൻ കഴിയുകയെന്നും കൊല്‍ക്കത്ത വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടർ അവെലോ റോയ് വ്യക്തമാക്കി. ആഗോള സാമ്ബത്തിക വിപണിയിലെ നിക്ഷേപക സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ഓറിയന്റ് ഫിനാൻസ് പ്രതിനിധികളായ സുധീഷ് ചക്കിങ്ങല്‍, മനോഹരൻ കൃഷ്‌ണൻ എന്നിവർ സദസ്സുമായി സംവദിച്ചു.
അബൂദബിയില്‍ നടന്ന ഗള്‍ഫ് മാധ്യമം ബിസിനസ് സമ്മിറ്റില്‍ കൊല്‍ക്കത്ത വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടർ അവെലോ റോയ് സംസാരിക്കുന്നു
മോറിക്കാപ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്‌ലിം സി.എം, ഡി.എ.ആർ.ടി. സി സി.ഇ.ഒ ദുല്‍ഖിഫില്‍ ഇ. അബ്ദുല്‍ റഷീദ്, ടെൻ എക്സ് പ്രോപർട്ടീസ് സ്ഥാപകനും സി.ഇ.ഒയുമായ സുകേഷ് ഗോവിന്ദൻ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംസാരിച്ചു. ഷാർജയില്‍ ജൂണ്‍ 7,8,9 തിയതികളില്‍ നടക്കുന്ന കമോണ്‍ കേരളക്ക് മുന്നോടിയായാണ് ബിസിനസ് സമ്മിറ്റ് ഒരുക്കിയത്. ജൂണ്‍ അഞ്ചിന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിലും ബിസിനസ് സമ്മിറ്റ് ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0563553158.