Written By
|
ഷാർജ: വായനയുടെ വെളിച്ചം തടവുകാർക്കും പകർന്നു നല്‍കാൻ ഷാർജ ജയിലധികൃതർ. എക്സ്പോ സെന്‍ററില്‍ തുടരുന്ന ഷാർജ രാജ്യാന്തര പുസ്‌തക മേളയില്‍ നിന്നാണ് തടവുകാർക്കായി ജയിലധികൃതർ കഴിഞ്ഞ ദിവസം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയത്.
ഡി.സി ബുക്സ്, മാതൃഭൂമി, ഐ.പി.എച്ച് അടക്കമുള്ള മലയാള പ്രസാധകരില്‍നിന്ന് ഏതാണ്ട് 2500 ദിർഹമിന്‍റെ പുസ്തകങ്ങള്‍ വാങ്ങുകയുണ്ടായി. എല്ലാവർക്കും വായനയൊരുക്കുകയാണ് ലക്ഷ്യമെന്ന് തടവുകാർക്കുള്ള പുസ്‌തകങ്ങള്‍ വാങ്ങാനെത്തിയ ജയില്‍ ഉദ്യോഗസ്ഥർക്ക് നേതൃത്വം നല്‍കുന്ന ഖല്‍ഫാൻ സാലിം ഖല്‍ഫാൻ, അബ്ദുല്‍ ലത്തീഫ് മുസ്തഫ അല്‍ഖാലി എന്നിവർ പറഞ്ഞു.
മലയാളി സാമൂഹിക പ്രവർത്തകരും മേളയില്‍ തടവുകാർക്കുള്ള പുസ്‌തക ശേഖരണ സംഘത്തിന്‍റെ ഭാഗമാവുകയുണ്ടായി. മലയാളി തടവുകാർക്കായാണ് മലയാള പുസ്തകങ്ങള്‍ വാങ്ങിയത്. മികച്ച കഥകളും കവിതകളും ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു വാങ്ങിയ പുസ്തകങ്ങളില്‍ ഏറെയും.
എമിറേറ്റിലെ സർക്കാർ ലൈബ്രറികള്‍ക്കായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി 45 ലക്ഷം ദിർഹത്തിന്‍റെ പുസ്‌തകങ്ങള്‍ വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.