ദുബൈ: രാജ്യത്ത് ശൈത്യകാലത്തിന് വിരാമമിട്ട് താപനില കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ. സി.എം) പ്രവചിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ചൂട് 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ്. അതേസമയം, ശനിയാഴ്ച ആകാശം മേഘാവൃതമാവും. നേരിയതും മിതമായതുമായ കാറ്റിനും ശനിയാഴ്ച സാധ്യതയുണ്ട്. പകൽ മണൽകാറ്റിനും ഇത് വഴിവെച്ചേക്കും ഞായറാഴ്ച ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും അതുവഴി താപനില കുറയുമെന്നും എൻ. സി.എം റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ആരംഭിക്കുന്ന മഴ ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ ചെറിയ രീതിയിൽ കാറ്റും പ്രതീക്ഷിക്കാം.