കോഴിക്കോട് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് നാളെജനുവരി 1 വ്യാഴം കാസർകോട്ട് തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്രാ നായകൻ.സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യർക്കൊപ്പം എന്നതാണ് കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. ഇന്ന് ഉച്ചക്ക് 1.30ന് യാത്രാ നായകരുടെ നേതൃത്വത്തിൽ ഉള്ളാൾ സയ്യിദ് മദനിമഖാം സിയാറത്ത്(സന്ദർശനം)നടക്കും. 2.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയർമാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറും. കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്അ ബ്ദുൽ ഹമീദ് മുസ്ലിയാർ മാണി,കർണാടക സ്പീക്കർ യു ടി ഖാദർ,ദർഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാൾ, ഡോ. മുഹമ്മദ് ഫാസിൽറസ് വി കാവല്‍ക്കട് സംബന്ധിക്കും.നാലുമണിക്ക് കാസർകോട്ട് ചെർക്കളയിൽ ജില്ലാ നേതാക്കളുടെയും സെൻ്റിനറി ഗാർഡുകളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിക്കും.

അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്‌ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക സ്പീക്കർ യു ടി ഖാദർ, രാജ് മോഹന്‍ ഉണ്ണിത്താൻ എം പി, എം എൽ എമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ എ കെ എം അഷ്‌റഫ്, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷൻ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദർ മാത്യു ബേബി മാർത്തോമ , കല്ലട്ര മാഹിൻ ഹാജി സംബന്ധിക്കും. ജനുവരി രണ്ടിന് കണ്ണൂർ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ , ആറ് ഗൂഡല്ലൂര്‍ , ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം; ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ അതിർത്തികളിൽ രാവിലെ 9 മണിക്ക് യാത്രയെ സ്വീകരിക്കും.യാത്രയോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും രാവിലെ 11ന് ജില്ലയിലെ പൗരപ്രധാനികളുടെ സ്‌നേഹവിരുന്നും പ്രസ് മീറ്റും നടക്കുന്നുണ്ട്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും. യാത്രയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളയാത്ര സമിതി ചെയർമാൻ കെ എസ് ആറ്റക്കോയതങ്ങളും കൺവീനർ സി മുഹമ്മദ് ഫൈസിയും അറിയിച്ചു.
