Written By
|
കുവൈത്ത് സിറ്റി: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ താരങ്ങളായി റീമയും റീയയും. കുവൈത്ത് പ്രവാസി മലയാളി സഹോദരങ്ങളായ ഇരുവരുടെയും പുസ്തകങ്ങള്‍ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ മിഡിലീസ്റ്റ് ഹെഡ് എം.സി.എ. നാസർ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഇരുവരുടെയും പുസ്തകങ്ങള്‍ മികച്ച നിലവാരം പുലർത്തുന്ന സൃഷ്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. റീമ ജാഫറിന്റെ കാവ്യ സമാഹാരമായ 'ബ്ലൂമിങ് ഓഫ് ലൈഫ്' എ.ബി.സി ഗ്രൂപ് ചെയർമാനും ഡയറക്റുമായ മുഹമ്മദ് മദനി എറ്റുവാങ്ങി.
റീയ ജാഫറിന്റെ 'ദി ഏജ് ഓഫ് വണ്ടേഴ്സ്' സാദിഖ് കാവില്‍ ഏറ്റുവാങ്ങി. ഒമ്ബതാം വയസ്സുമുതല്‍ കവിതകളും ലേഖനങ്ങളും എഴുതുന്ന റീമ 'ബ്ലൂമിങ് ഓഫ് ലൈഫ്' എന്ന പുസ്തകത്തില്‍ പ്രകൃതി സൗന്ദര്യം, ജീവിതത്തിന്റെ മൂല്യം, ദയയുടെ പ്രാധാന്യം എന്നിവയുണർത്തുന്നു.
റീമക്ക് കവിത ഒരു അതുല്യമായ മാന്ത്രിക സന്ദേശവും ജീവിതത്തെയും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ഒരു രഹസ്യ കോഡും കൂടിയാണ്.
എഴുത്തുകാരിയും വായനക്കാരിയുമായ റീയ കുട്ടിക്കാലത്തെ ആനന്ദങ്ങളെക്കുറിച്ചും പ്രകൃതിയെയും സാർവത്രിക വെല്ലുവിളികളെക്കുറിച്ചും കവിതകളിലൂടെ പറയുന്നു. പ്രശസ്ത കവി കെ. സച്ചിദാനന്ദന്റെ നിരൂപണം ഉള്‍പ്പെടെ രണ്ട് പുസ്തകങ്ങളും എഴുത്തുകാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
പഠനത്തിനൊപ്പം മറ്റു വിവിധ മേഖലകളിലും കഴിവുതെളിയിച്ച ഇരുവരും അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂള്‍ വിദ്യാർഥികളാണ്. കുവൈത്ത് നാഷനല്‍ ടി.വിയില്‍ ഈ സഹോദരിമാർ വിവിധ തരം പുസ്തകങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നുമുണ്ട്.